നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോലീസ് പറയുന്നു. വലയിലാകുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കും. തങ്ങള്‍ക്കു ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകളാകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്കു പറയാനുണ്ടാവുക. പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ പുതുതായി ചേരുന്ന ആള് ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആളുകളാണെന്ന കാര്യം നമ്മള് ഒരിക്കലും അറിയില്ല.
തുടര്‍ന്ന് വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കു പോലും തട്ടിപ്പുകാര്‍ അമിതലാഭം നല്‍കും. ഇരകള്‍ക്കു കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീന്‍ ഷോട്ട് നല്‍കും. എന്നാല്‍, ഇതു സ്ക്രീന്‍ ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും വൈകിയാണ് മനസിലാകുന്നത്. പണം പിന്‍വലിക്കാന്‍ താത്പര്യപ്പെടുന്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും പേരു പറഞ്ഞു തട്ടിപ്പുകാര്‍ കൂടുതല്‍ പണം കൈക്കലാക്കും.
അക്കൗണ്ട് വില്പന അപകടം
പുതുതായി കണ്ടുവരുന്ന ഒരു തട്ടിപ്പാണ് ബാങ്ക് അക്കൗണ്ടുകളുടെ വില്പന. നിസാര നേട്ടത്തിന് ബാങ്ക് അക്കൗണ്ടുകള്‍ വില്പന നടത്തുന്നുവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഇന്‍സ്റ്റയിലൂടെയോ ടെലിഗ്രാമിലൂടെയോ പരിചയപ്പെടുന്നവർക്കു ഗൗരവം അറിയാതെ അക്കൗണ്ട് എടുത്തു നല്കുന്നവരുണ്ട്.
അക്കൗണ്ടില്‍ വരുന്ന തുകയ്ക്കനുസരിച്ച് മാസം കമ്മീഷനോ അല്ലെങ്കില്‍ പതിനായിരം രൂപ മുതലുള്ള ഒരു തുകയോ ആയിരിക്കും ഉടമസ്ഥനു വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടിന്റെ പൂര്‍ണനിയന്ത്രണം തട്ടിപ്പുസംഘത്തിനായിരിക്കും. പണം അക്കൗണ്ടിലേക്ക് അയയ്ക്കുന്നത് ആരാണെന്നോ എന്തിനാണെന്നോ എവിടെനിന്നാണെന്നോ ആരാണ് തുക പിന്‍വലിക്കുന്നതെന്നോ യഥാര്‍ഥ ഉടമകള്‍ അറിയുന്നുണ്ടാവില്ല.
അറസ്റ്റിലായിക്കഴിയുമ്പോഴാണ് ഈ ഗുരുതര കുറ്റത്തിന്റെ തീവ്രത പലരും മനസിലാക്കുന്നത്. കോളജ് വിദ്യാര്‍ഥികളും യുവാക്കളുമാണ് അക്കൗണ്ട് വില്പനക്കാരില് ഏറെയും. സൈബര്‍ തട്ടിപ്പ് കേസുകളില്‍ മിക്കവാറും ആദ്യം പിടിയിലാകുന്നത് അക്കൗണ്ടിന്റെ ഉടമകളായിരിക്കും.
കുറെയധികം ആളുകള്‍ സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ അക്കൗണ്ട് എടുപ്പിച്ചു തട്ടിപ്പ് സംഘത്തിനു വിറ്റ് കാശാക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ പരിചയമില്ലാത്തവര്‍ക്കു കൈമാറരുതെന്ന മുന്നറിയിപ്പ് ആളുകള്‍ അവഗണിക്കുകയാണെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
സീനിയര്‍ സിറ്റിസണ്‍സ്
ഒന്നരക്കോടി രൂപ, ഒരു കോടി രൂപ, 75 ലക്ഷം, 35 ലക്ഷം രൂപ… ഷെയര്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായവരില്‍ മിക്കവരും മുതിര്‍ന്ന പൗരന്മാരാണ്. ചിലര്‍ എഴുപതിനടുത്തു പ്രായമുള്ളവര്‍. പലരും ഉന്നതസ്ഥാനങ്ങളില്നിന്നു വിരമിച്ചവര്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍; വര്‍ഷങ്ങളായി ഷെയര്‍ ട്രേഡിംഗ് നടത്തുന്നവരുമാണ്.
എങ്കിലും വിദഗ്ധമായി കബളിപ്പിക്കപ്പെട്ടു. തട്ടിപ്പിനിരയായവര്‍ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ കണ്ട ഷെയര്‍ ട്രേഡിംഗ് സംബന്ധമായ ട്രെയിനിംഗ് ക്ലാസുകളില്‍ പങ്കെടുത്തവരാണ്. ഒരു കൗതുകത്തിനു ലിങ്ക് ക്ലിക്ക് ചെയ്തു നോക്കിയപ്പോള്‍ സ്റ്റോക്ക് ട്രേഡിംഗിനെപ്പറ്റി വിദഗ്ധമായ ക്ലാസുകളാണ് ലഭിച്ചതെന്നു പരാതിക്കാരില്‍ പലരും സൈബര്‍ പോലീസിനോടു പറഞ്ഞു.
തുടര്‍ന്ന് അവരെ പുതിയ വാട്സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്ത് തട്ടിപ്പുകാര്‍ പറയുന്നത് അനുസരിച്ച് ഓരോ ലിങ്കുകളും ക്ലിക്ക് ചെയ്യുകയാണുണ്ടായത്. വ്യാജലിങ്കില്‍ ക്ലിക്ക് ചെയ്തിനെത്തുടര്‍ന്ന് പണം നഷ്ടപ്പെട്ട സംഭവത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ കേരള പോലീസ് പണം തിരിച്ചുപിടിച്ച കേസുകളും ഉണ്ടായിട്ടുണ്ട്.
(തുടരും)
സീമ മോഹന്‍ലാല്‍