മലപ്പുറം: ഓൺലൈൻ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ഗുരുതര സൈബർ കുറ്റകൃത്യങ്ങളിലേക്ക്. പിടിയിലായ അബ്ദുൾ റോഷൻ പുതിയതായി സിം വാങ്ങുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ കൈവശപ്പെടുത്തുകയും സിം വാങ്ങിയതിന് ശേഷം തട്ടിപ്പ് സംഘങ്ങൾക്ക് നമ്പർ കൈമാറുകയും ചെയ്തിരുന്നു. 40 ഉം 50 ഉം സിംകാർഡുകളാണ് ഇയാൾ ചില വ്യക്തികളുടെ പേരിൽ കൈവശപ്പെടുത്തിയത്.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി 8 ലക്ഷം രൂപയാണ് കർണാടക സ്വദേശിയായ യുവതിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്. എന്നാൽ തന്റെ പേരിൽ ഇങ്ങനയൊരു സിം ഉള്ളതായി യുവതിക്ക് അറിയില്ല. തുടർന്ന് സിം കാർഡിനെ കുറിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് കർണാടകയിലെ മടിക്കേരിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അബ്ദുൾ റോഷന്റെ അടുത്താണ്. 40000 സിം കാർഡുകളുമായാണ് ഇയാൾ പിടിയിലായത്.
റോഷൻ പ്രമുഖ ടെലികോം കമ്പനിയുടെ സിം വിതരണക്കാരനാണ്. കടയിൽ സിം കാർഡ് വാങ്ങാനായി എത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ഒന്നിൽ കൂടുതൽ തവണ വിരലടയാളം കൃത്യമായി പതിഞ്ഞില്ലെന്ന് പറഞ്ഞു ബയോമെട്രിക് രേഖകൾ എടുക്കുകയും, അത് ഉപയോഗിച്ച് സിം കാർഡ് ഉപഭോക്താവ് അറിയാതെ നിർമിക്കുകയുമായിരുന്നു ഇയാളുടെ രീതി. സമാന തട്ടിപ്പ് പരിചയമുള്ള കടകളിൽ ഇയാൾ നടത്തുകയും തന്നെ സഹായിച്ചവർക്ക് 50 രൂപ വീതം ഒരു സിമ്മിന് പ്രതിഫലമായി നൽകുകയും ചെയ്തു.
നമ്പർ സിം കാർഡ് ആക്ടീവായാൽ മാത്രം വിവിധ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറും. തുടർന്ന് ഈ നമ്പറുകൾ ഉപയോഗിച്ച് വാട്സ്ആപ്പ്, ഫേസ്ബുക്ക്,ടെലിഗ്രാം അടക്കമുള്ള സമൂഹ മാധ്യമത്തിൽ അക്കൗണ്ടുകൾ നിർമിക്കും. ഇവയെല്ലാം ആക്റ്റീവ് ആവാൻ വേണ്ട ഒടിപി അതാത് സമയം പ്രതി തന്നെ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുകയും ചെയ്തു. ഇതിനായി ഉപയോഗിച്ച 160 ഓളം ചൈനീസ് ഫോണുകളും പോലീസ് കണ്ടെടുത്തു.