മല്ലപ്പള്ളി: യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് 15 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്ന പരാതിയിൽ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. കീഴ്വാപൂര് പോലീസ് സ്റ്റേഷനില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്ത പരാതി സൈബര്‍സെല്ലിനു കൈമാറുകയായിരുന്നു.
സിബിഐയില്‍ നിന്നാണെന്നു പറഞ്ഞു കഴിഞ്ഞ രണ്ടിനു മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നതായും രണ്ട് മൊബൈല്‍ നമ്പരുകളില്‍നിന്നായി വിളിച്ചു തെറ്റിധരിപ്പിച്ചു. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
ഈ കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡല്‍ഹിയിലെയും ജയ്പൂരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. 15,01,186 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടെന്നാണ് പരാതി. തന്റെയും സുഹൃത്തിന്റെയും അക്കൗണ്ടുകളിലെ പണമാണ് നഷ്ടപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
വെര്‍ച്വല്‍ അറസ്റ്റിലാണെന്നും മറ്റാരെയും ഫോണില്‍ ബന്ധപ്പെടരുതെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. സംഭവത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിനു മുമ്പേ പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് മാര്‍ കൂറിലോസ് പറഞ്ഞു.
ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ വ്യാപക പരാതികളാണ് എത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടിവരികയാണ്. പണം നഷ്ടപ്പെടുന്നവരില്‍ നല്ലൊരു പങ്കും സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്.