
ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്നു. ‘ഓണ്‍ലൈന്‍ വഴി ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് സമ്മാനമായി ഒരു കാര്‍ ലഭിച്ചിരിക്കുകയാണ്’ ഇത്തരം മെസേജുകളിലൂടെയുള്ള തട്ടിപ്പ് വീണ്ടും വ്യാപകമാവുന്നതായി മുന്നറിയിപ്പ് നല്കി എറണാകുളം റൂറല്‍ പോലീസ്.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകളുടെ പേരിലാണ് പുതിയ സമ്മാന തട്ടിപ്പുകള്‍ അരങ്ങേറുന്നത്. മിക്കവരും ഇത്തരം വെബ്സൈറ്റുകളില്‍നിന്ന് മുമ്പ് എന്തെങ്കിലുമൊക്കെ വാങ്ങിയവരാകും. അതിനാല്‍ ഇതേ വെബ്സൈറ്റുകളുടെ പേരില്‍ സമ്മാനമടിച്ചെന്ന സന്ദേശം ലഭിക്കുമ്പോള്‍ സംശയിക്കുകയുമില്ല.
കാര്‍, ബൈക്ക്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ് തട്ടിപ്പുകാരുടെ വാഗ്ദാനം.
ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ കൊടുത്തിട്ടുണ്ടാകും. ഇനി അങ്ങോട്ട് വിളിക്കാന്‍ വൈകിയാല്‍ അഭിനന്ദനം അറിയിച്ച് അവര്‍ വീണ്ടും വിളിക്കും.
വലയില്‍ വീണാല്‍ അക്കൗണ്ട് നമ്പറും പാസേ് വേഡും മൊബൈലില്‍ വന്ന ഒ.ടി.പി നമ്പറും കൈമാറുകയാണ് അടുത്തഘട്ടം. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിന് ടാക്സ് അടക്കാന്‍ തുക, മറ്റ് ഉല്‍പ്പന്നങ്ങള്‍ കൈമാറാന്‍ ജി.എസ്.ടി തുക എന്നിവയുടെ പേരിലും പണം തട്ടും. എന്നാലോ യാതൊരു സമ്മാനവും ലഭിക്കില്ല.
യഥാര്‍ഥ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളുടെ വ്യാജ സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡുകള്‍ അയച്ചും തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. കാര്‍ഡുകള്‍ സ്ക്രാച്ച് ചെയ്താല്‍ വമ്പന്‍ സമ്മാനങ്ങളായിരിക്കും ലഭിക്കുക.
പ്രത്യേക നമ്പറില്‍ വിളിച്ചറിയിച്ചാല്‍ ഈ സമ്മാനം ലഭിക്കുമെന്നാകും നിര്‍ദേശം. എന്നാല്‍ ഫോണ്‍ വിളിച്ച് ബാങ്ക് വിവരങ്ങള്‍ കൈമാറുന്നതോടെ ബാങ്ക് ബാലന്‍സ് തട്ടിപ്പുകാര്‍ തൂത്തെടുക്കും.
ലോണ്‍ തരാമെന്ന് പറഞ്ഞ് വിളിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. ഒന്നര മുതല്‍ രണ്ടു ശതമാനം വരെ മാത്രമായിരിക്കും ഇവര്‍ പറയുന്ന പലിശ. ഇത്ര കുറഞ്ഞ പലിശയെന്ന് കേള്‍ക്കുമ്പോള്‍ ഒട്ടുമിക്ക ആളുകളും തട്ടിപ്പില്‍ വീഴുന്നു. വിവരങ്ങള്‍ കൈമാറുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാവുകയും ചെയ്യും.
പരാതിയുമായെത്തുമ്പോഴേക്കും മൊബൈല്‍ നമ്പര്‍ മാറ്റി തട്ടിപ്പുകാര്‍ അടുത്ത ഇരകളെ തേടിയിറങ്ങിയിട്ടുണ്ടാകും. പശ്ചിമ ബംഗാളിലെ അതിര്‍ത്തി പ്രദേശങ്ങള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇത്തരം തട്ടിപ്പുകാര്‍ താവളമടിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്കുന്ന വിവരം.
ഒരു മൊബൈലും ലാപ്ടോപ്പും മാത്രമാണ് ഇവരുടെ മുടക്കുമുതല്‍. ഇവരെ കണ്ടുപിടിക്കാനും എളുപ്പമല്ല. ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്നും ഇതിലെല്ലാം അന്വേഷണം നടത്തി വരികയാണെന്നും എറണാകുളം ജില്ലാ റൂറല്‍ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ്. പറഞ്ഞു.