കുറവിലങ്ങാട്: ഓണ്‍ലൈന്‍ വഴി ഏറ്റുമാനൂര്‍ സ്വദേശിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. മലപ്പുറം താനൂര്‍ താഹ ബീച്ച് ഭാഗത്ത് കോളിക്കനകത്ത് ബഷീര്‍ (48) ആണ് അറസ്റ്റിലായത്.
ഇയാളും സുഹൃത്തും ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവിനോട് ഓണ്‍ലൈന്‍ മാധ്യമം മുഖേന വീട്ടിലിരുന്ന് കമ്മീഷന് വ്യവസ്ഥയില്‍ ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളില്‍നിന്നു പലതവണകളായി 1,75,800 രൂപ തട്ടിയെടുക്കുകയായിരുന്നു. വിദേശ കാർ കമ്പനിയുടെ വ്യാജ ഓണ്‍ലൈന്‍ ലിങ്ക് നിര്‍മിച്ചാണ് പണം തട്ടിയത്.
കമ്പനിയുടെ കാര്‍ വില്പന നടത്തുമ്പോള്‍ കിട്ടുന്ന കമ്മീഷന് ലഭിക്കണമെങ്കില്‍ അതിന്റെ കമ്മീഷനായി കുറച്ചു പണം വേറൊരു അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പറഞ്ഞ് പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.