കോഴിക്കോട്: ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍ക്കായി കുട്ടികള്‍ രക്ഷിതാക്കളുടെ അക്കൗണ്ടുകളില്‍നിന്ന് വന്‍ തുകകള്‍ ചോര്‍ത്തുന്നതായി കണ്ടെത്തല്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുകളും പതിവായി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനായി അക്കൗണ്ടുകളില്‍ നിന്ന് പണം ഉപയോഗിക്കുന്നതെന്നാണ് സൈബര്‍ പോലീസ് കണ്ടെത്തിയത്. കേരള പോലീസിന്റെ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംരംഭത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആദ്യം സൗജന്യം;അടിമകളായാല്‍ തുക ഈടാക്കും
പണത്തിനായി രക്ഷകര്‍ത്താക്കളുടെ അക്കൗണ്ടുകളാണ് കുട്ടികള്‍ ഉപയോഗിക്കുന്നത്. പേടിഎമ്മും മറ്റ് അനുബന്ധ വാലറ്റുകളും ഉപയോഗിച്ചാണ് ഇവര്‍ ഗെയിം കളിക്കുന്നതിനായി പണം പിന്‍വലിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് പണം നിയമവിധേയമായി തന്നെ കുട്ടികള്‍ കൈമാറുന്നതിനാല്‍ പോലീസിന് നടപടിയെടുക്കാനും സാധിക്കുന്നില്ല.
ഓണ്‍ലൈനില്‍ നേരമ്പോക്കിനായി തുടങ്ങിയ കളികള്‍ ഇപ്പോള്‍ പരിധിവിട്ട് പണം ഉപയോഗിച്ചുള്ള കളികളിലേക്കാണ് മാറിയത്. ആദ്യം സൗജന്യമായി കളിക്കാന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ കുട്ടികള്‍ ഇതിന് അടിമയാകുമ്പോള്‍ പണം ഈടാക്കിത്തുടങ്ങും.
അടുത്തിടെ കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു.
ഗെയിമുകൾക്ക് പിന്നാലെ പായുന്ന കുട്ടികൾ
പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയായതിനെത്തുടര്‍ന്ന് കുട്ടികളില്‍ ഇന്റർനെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ പഠനത്തിനേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണ്.
കുട്ടികള്‍ അമിതമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ സ്വാഭാവങ്ങളില്‍ മാറ്റം വന്നതായും മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായും രക്ഷകര്‍ത്താക്കളുടെ പരാതിയും ഉയരുന്നുണ്ട് .
നിരീക്ഷണവും നിയന്ത്രണവും അനിവാര്യം
ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്കുന്ന മാതാപിതാക്കള്‍ കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നിരീക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
അവരുടെ ഫോണിലെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് സ്ഥിരമായി പരിശോധിക്കണം.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഗെയിമുകള്‍ക്ക് അഡിക്ട് ആയ കുട്ടികളെ ക്രമേണ അതില്‍ നിന്നു പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളും രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നുണ്ടാകണം.