കൊച്ചി: ആലുവ ചെങ്ങമനാട് പതിനഞ്ചുകാരന്റെ മരണം ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ ജീവനെടുക്കുന്ന കില്ലര്‍ ഗെയിമുകള്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും പോലീസ് മുന്നറിയിപ്പു നല്കുന്നു.
വിവിധ പഠനങ്ങള്‍ പ്രകാരം നാലിനും പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി ഒരുമണിക്കൂറിലധികം സമയം ഗെയിം കളിക്കുന്നതായാണു തെളിഞ്ഞിട്ടുള്ളത്. ഗെയിമുകളിലെ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാനുള്ള പ്രവണത ഇതോടെ വര്‍ധിക്കുന്നു.
ഇതിനുപുറമേ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം സാഹചര്യങ്ങളിലാണു സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളടക്കം നടക്കുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഗെയിം കളിയിലൂടെ സ്വകാര്യവിരങ്ങളും ചോരുന്നതായി പോലീസ് പറയുന്നു.
ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ ഗെയിം ഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്കുന്ന അനുവാദം മാത്രം മതി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ജീവന് നഷ്ടമാകുന്ന സംഭവങ്ങള്ക്കുപുറമേ പണം നഷ്ടപ്പെടുന്ന സംഭവങ്ങളും കേരളത്തിൽ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലുവയില്‍ ഒമ്പതാം ക്ലാസുകാരന് ഒന്നരമാസം ഓണ്‍ലൈന്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപ പൊടിച്ചതാണ് ഇതില്‍ ഒടുവിലത്തേത്.
ഫ്രീ ഫയര്‍ എന്ന ഗെയിമായിരുന്നു അന്നു വില്ലന്‍. ഗെയിമിനായി 40 രൂപ മുതല്‍ 4,000 രൂപ വരെ ഫോണില്‍ ചാര്‍ജ് ചെയ്തായിരുന്നു കളി. ഒരു ദിവസം പത്തു തവണ വരെ ചാര്‍ജ് ചെയ്തിട്ടുണ്ട്. 225 തവണയാണു ചാര്‍ജ് ചെയ്തത്.
ഒരിടവേളയ്ക്കുശേഷം ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി ബോധവത്കരണ പരിപാടികളും സൈബര്‍ വിഭാഗം ആസൂത്രണം ചെയ്യുന്നുണ്ട്.
ശ്രദ്ധവേണമെന്ന് പോലീസ്
കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് പോലീസ് നിർദേശിക്കുന്നു. ഫോണ്‍ ഇടയ്ക്കിടെ പരിശോധിക്കണം. മാതാപിതാക്കള്‍ യൂസര്‍ ഐഡിയും പാസ് വേഡും ഫോണ്ലോക്കും ഉപയോഗിക്കണം. നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുള്ള ഫോണ്‍ കൈമാറരുത്.