അങ്കമാലി: സിവിൽ പോലീസ് ഓഫീസർ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയിലേക്കു നയിച്ചത് ഓൺലൈൻ റമ്മിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നെന്ന് സൂചന.
പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന മുളന്തുരുത്തി ഇലഞ്ഞിത്തറ വീട്ടിൽ രാഹുലിനെ (32) ഇന്നലെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി സംബന്ധമായി അന്വേഷണത്തിനെത്തിയെന്നു പറഞ്ഞാണ് മുറിയെടുത്തത്. പിന്നീട് ഇയാളെ കാണാതായെന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ജോലിയുടെ കാര്യത്തിൽ മിടുക്കനും സത്യസന്ധനും ഉന്നത ഉദ്യോഗസ്ഥർക്ക് പ്രിയപ്പെട്ടവനുമായിരുന്നു രാഹുൽ. എന്നാൽ ഇദേഹത്തിന് ഓൺലൈൻ റമ്മിയിൽ ഹരമുള്ളയാളായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
ഓൺലൈൻ റമ്മി ക ളി യിൽ വൻ തുക നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് സൂചനയുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തിയ ശേഷമേ നഷ്ടത്തിന്റെ തോത് എത്രയെന്ന് കണ്ടെത്താനാകൂ.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടന്നു വരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോടു പറഞ്ഞു.