ന്യൂഡൽഹി: പണം ഈടാക്കുന്ന ഓണ്ലൈൻ ഗെയിമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയികളെ നിശ്ചയിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതുമായ ഗെയിമുകൾക്ക് (സ്കിൽ ഗെയിമുകൾ) നിയന്ത്രണം ഏർപെടുത്താനാണ് തീരുമാനം.
മുൻപ് സർക്കാർ നിയോഗിച്ച സമിതി സ്കിൽ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്താൻ ശിപാർശ ചെയ്തിരുന്നത്.
എന്നാൽ ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പണം ഈടാക്കുന്ന മുഴുവൻ ഓണ്ലൈൻ ഗെയിമുകൾക്കും നിയമന്ത്രണം ഏർപെടുത്താൻ നിർദേശിക്കുകയായിരുന്നു.
ഓണ്ലൈൻ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമനിർമാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്.
യുവാക്കൾ ഓണ്ലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് നീക്കം.