കൊച്ചി: ഹൈക്കോടതിയില്‍ ഇന്നലെ രാവിലെ ഓണ്‍ലൈന്‍ സിറ്റിംഗ് പുരോഗമിക്കുന്നതിനിടെ ബാത്ത്റൂമില്‍നിന്ന് ഷേവ് ചെയ്യുന്ന നിലയിൽ ഒരാള്‍ കോടതിയില്‍ ഹാജരായി.
ജസ്റ്റീസ് വി.ജി. അരുണിന്റെ ബെഞ്ചിലാണ് അസാധാരണമായ ഇത്തരമൊരു സംഭവമുണ്ടായത്. ബാത്ത്റൂമില്‍ നടന്നുകൊണ്ട് ഷേവ് ചെയ്യുന്നതിനൊപ്പം ഇയാള്‍ ഓൺലൈനിൽ കോടതി നടപടികളും വീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടില്ല.
ബാത്ത്റൂമില്‍നിന്ന് ഓണ്‍ലൈനായി കോടതി നടപടിയില്‍ കയറിയ വ്യക്തിയുടെ ദൃശ്യങ്ങള്‍ പിന്നീട് വാട്ട്സാപ്പിൽ ഉള്‍പ്പെടെ പ്രചരിച്ചു. ഇതോടെ സംഭവം വിവാദമായി. അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഹൈക്കോടതി പൂര്‍ണമായും ഓണ്‍ലൈന്‍ സിറ്റിംഗിലാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈന്‍ കോടതിയില്‍ കയറിയത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇതു കോടതിയാണെന്നും സര്‍ക്കസോ സിനിമയോ അല്ലെന്ന് ഓര്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.