സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപന വിലക്കുകൾക്കിടയിൽ വാഹനജാഥയും വർച്വലായി. സിപിഐ തൃശൂർ ജില്ലാ കമ്മിറ്റിയാണ് വർച്വൽ വാഹനജാഥ ഒരുക്കുന്നത്. യഥാർഥത്തിൽ വാഹനവും ജാഥയും റോഡിലിറങ്ങില്ല. സ്വീകരണ സ്ഥലങ്ങളിൽ ആൾക്കൂട്ടവും ഉണ്ടാകില്ല.
ഓണ്ലൈനിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജാഥയും സ്വീകരണവും പ്രസംഗങ്ങളും പറക്കുക. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരേയും ജനങ്ങളേയും ഇളക്കിമറിക്കാൻ വർച്വൽ വാഹനജാഥ നടത്തുന്നത്.
പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗമാണ് വെർച്വൽ സംവിധാനം ഒരുക്കുന്നത്. ഓഗസ്റ്റ് എട്ട്, ഒന്പത് തീയതികളിൽ നടത്തുന്ന ജാഥയ്ക്ക് എല്ലാ നിയോജകമണ്ഡലത്തിലും സ്വീകരണം നൽകും. ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്തെ പാർട്ടി ഓഫീസിലിരുന്ന് ഉദ്ഘാടനം ചെയ്യും.
ജാഥാ ക്യാപ്റ്റൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ് സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുന്ന് അധ്യക്ഷത വഹിക്കും. ജാഥാ പ്രസംഗങ്ങൾക്കായി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു സ്റ്റുഡിയോതന്നെ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തേയും തൃശൂരിലെയും മറ്റും വീഡിയോ സംയോജിപ്പിച്ച് സിപിഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിലൂടെ ജനങ്ങളിലെത്തിക്കും. പ്രവർത്തകരും അനുഭാവികളും ജാഥയിൽ പങ്കെടുക്കുക ഫേസ് ബുക്ക് പേജ് ഷെയർ ചെയ്തും കമന്റുകളും ലൈക്കുകളും നൽകിയുമാണ്.
ഓരോ മണ്ഡലം കമ്മിറ്റിയും നിശ്ചിത എണ്ണം ലൈക്കും കമന്റും ഉറപ്പാക്കണമെന്നു ക്വോട്ട നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന വർച്വൽ വാഹനജാഥയുടെ പ്രചാരണ പരിപാടികൾ സിപിഐ ആരംഭിച്ചുകഴിഞ്ഞു.
എല്ലാ ബ്രാഞ്ചിലും ഇതിനായി ഒരോ ചുമതലക്കാരനെ നിയോഗിച്ചുകഴിഞ്ഞു. ഇപ്പോൾ പാർട്ടി ഫേസ്ബുക്ക് പേജിന്റെ ലൈക്ക് വർധിപ്പിക്കാനുള്ള പ്രചാരണവും നടക്കുകയാണ്. അതിനും ഓരോ മണ്ഡലത്തിനും ക്വാട്ട നിശ്ചയിച്ച് നൽകിയിട്ടുണ്ട്.