ചവറ: ചെറുകിട വ്യാപാര മേഖലയെ തകർത്തു കൊണ്ടുള്ള ഓൺലൈൻ വ്യാപാരങ്ങൾ രാജ്യത്തെ കോടി കണക്കിന് വരുന്ന തൊഴിലാളികളുടെ ഉപജീവനമാർഗവും തൊഴിലവസരങ്ങളും നഷ്ടമാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ .എൻ ബാലഗോപാൽ. ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ വാഹന പ്രചരണ ജാഥ ചവറയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥിരം തൊഴിൽ സംവിധാനം ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കിയും ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന വിദേശ നിക്ഷേപങ്ങളിലൂടെയും തൊഴിലാളി വിരുദ്ധ സമീപനങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായി വ്യാപാര വാണിജ്യ മേഖലകളിലെ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ എട്ടിന് നടത്തുന്ന കളക്ട്രേറ്റ് മാർച്ചിന്റെ പ്രചരണാർഥമാണ് വാഹനജാഥ നടക്കുന്നത്. ചവറ ബസ് സ്റ്റാന്റിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജാഥ ക്യാപ്റ്റനായ യൂണിയൻ ജില്ലാ സെക്രട്ടറി പി .സജിയ്ക്ക് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഇ കാസിം പതാക കൈമാറി.
യോഗത്തിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് കെ മോഹനക്കുട്ടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശ്രീകണ്ഠൻ നായർ, എൻ. വിജയൻപിള്ള എംഎൽഎ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ, ജില്ലാ പ്രചരണ ജാഥ വൈസ് ക്യാപ്റ്റൻ സബിദാബീഗം, ജാഥാ മാനേജർ ജി. ആനന്ദൻ, സിഐടിയു ഏരിയാ സെക്രട്ടറി ആർ രവീന്ദ്രൻ, പ്രസിഡന്റ് എസ് ശശിവർണൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ വിക്രമകുറുപ്പ്, എം. അനൂപ്, യൂണിയൻ നേതാക്കളായ ജെ. ഷാജി, ഷീനാ പ്രസാദ്, എഴുകോൺ സന്തോഷ്, നൗഷാദ്, പതിയത്ത് ബാബു, ചിത്തിര ബാബു എന്നിവർ പ്രസംഗിച്ചു.സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി മനോഹരൻ മുഖ്യപ്രഭാഷണം നടത്തി.
ജാഥയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റനു പുറമേ സ്വീകരണ സ്ഥലങ്ങളിൽ ഐഡൻറിറ്റി കാർഡ് വിതരണവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. ജില്ലാ പ്രചരണ ജാഥ 26 ന് കൊല്ലത്ത് സമാപിക്കും.
ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന വിദേശ നിക്ഷേപം കേന്ദ്ര സർക്കാർ പിൻവലിക്കുക, ഓൺലൈൻ വ്യാപാരത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുക, സ്ഥിരം തൊഴിൽ അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, ടെക്സ്റ്റയിൽസ് തൊഴിലാളികൾക്ക് ഇരിപ്പിടം നൽകുക, സ്ത്രീ തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥയും കളക്ട്രേറ്റ് മാർച്ചും നടക്കുന്നത്. ജാഥയിൽ കലാജാഥയും നടന്നു.