ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ നാട്ടില്‍ വീണ്ടും സജീവമാകുന്നു. 10,000 രൂപ വായ്പയെടുത്ത കോട്ടയം സ്വദേശിനിയായ വീട്ടമ്മ ഒരു മാസത്തിനുളളില്‍ തിരിച്ചടച്ചത് 70,000 രൂപ.
വീണ്ടും വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇനി പണം അടയ്ക്കില്ല എന്ന് വീട്ടമ്മ അറിയിച്ചതോടെ ഇവര്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വീട്ടമ്മ നല്കിയ പരാതിയില്‍ പറയുന്നു.
ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് വീട്ടമ്മ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിപ്പെട്ടത്. 10,000 രൂപ വായ് എടുക്കുന്നതിനായി ഇവര്‍ ഫേസ്ബുക്കിലെ പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുകയും ഒപ്പം ഗ്യാലറിയും കോണ്‍ടാറ്റും ആക്സസ് ചെയ്യാനുളള അനുവാദവും നല്കി.
10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
കോണ്ടാക്ടുകള് ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം വീട്ടമ്മയുടെ ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും ഭീഷണികളും അയച്ചു തുടങ്ങി.
അതിനോടൊപ്പം മോര്‍ഫ് ചെയ്ത വീട്ടമ്മയുടെ ചിത്രങ്ങളും. ഇതിനിടയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ് വഴി 10,000 രൂപ കൂടി വായ്പയെടുപ്പിച്ചു.
ശല്യം സഹിക്കാതെ പരാതിക്കാരി ഫോണ്‍ എടുക്കാതെയായതോടെ കോണ്‍ടാക്ടിലുളള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിത്തുടങ്ങി.
ഇവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. നിരവധി ആളുകളാണ് മുമ്പ് ഇത്തരം വായ്പാത്തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങിയത്.
ഒരിടവേളയ്ക്കു ശേഷം ഇത്തരം സംഘങ്ങള്‍ സജീവമാകുന്നതിന്റെ സൂചന വെളിവാക്കുന്നതാണ് പുതിയ സംഭവം.