വരാപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കാനിടയായ സംഭവത്തിന് പിന്നിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി തുടരുന്നു.
ഇന്നും അടുത്ത ബന്ധുക്കളുടെ ഫോണിൽ വ്യാജ സന്ദേശവും വീട്ടമ്മയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും എത്തി. കൂട്ട ആത്മഹത്യയിൽ ഹാപ്പി വാലറ്റ് എന്ന ഓൺലൈൻ ആപ്പിനെതിരേ വരാപ്പുഴ പോലീസ് കേസ് എടുത്തിട്ടുണ്ട്.
വലിയ കടമക്കുടി മാടശേരി നിജോ (39), ഭാര്യ ശിൽപ (29) മക്കളായ ഏയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിൽപയുടെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ ഓൺലൈൻ വഴിയുള്ള വായ്പ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതാണ് കുടുംബത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പോലീസ് കരുതുന്നത്.
വടക്കേ ഇന്ത്യയിലുള്ള ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം ആണെന്നും അതിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പോലീസ് നൽകുന്ന സൂചന.
ദമ്പതികൾ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പു വരെ ഇവരുടെ മൊബൈലിൽ വ്യാജ സന്ദേശവും അശ്ലീല ചിത്രങ്ങളും എത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മരണം സംബന്ധിച്ച് ബന്ധുക്കൾ വരാപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു.
എത്ര രൂപയാണ് ഓൺലൈൻ വായ്പ സംഘത്തിൽനിന്ന് വായ്പയായി വാങ്ങിയത് എന്നു സംബന്ധിച്ച വിവരം അറിവായിട്ടില്ല. എന്നാൽ മാസം 9,300 രൂപ ശിൽപ തിരിച്ചടവായി ഇവർക്ക് കൊടുത്തിരുന്നു. ഇതിന്റെ ചില ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
തിരിച്ചടവ് മുടങ്ങിയതോടെയാണ് വായ്പ നൽകിയ ഓൺലൈൻ സംഘം ശിൽപയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചു തുടങ്ങിയത്.
മാത്രമല്ല ഇത്തരം സന്ദേശങ്ങൾ ശിൽപയുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള അടുത്ത ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും മൊബൈൽ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായും അയച്ചുകൊടുത്തു.
25 ഓളം പേർക്ക് ഇത്തരത്തിൽ സന്ദേശമെത്തിയതായാണ് വിവരം. ഹിന്ദിയിൽ ഒരു സ്ത്രീയുടെ ശബ്ദ സന്ദേശമാണ് എല്ലാവർക്കും ലഭിച്ചിട്ടുള്ളത്.
നിങ്ങളുടെ തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങളടക്കം അയച്ചു നല്‍കുമെന്നും ശബ്ദസന്ദേശത്തിലുണ്ട്. സന്ദേശം ലഭിച്ചവരില്‍ പലരും ഇത് കാര്യമായെടുത്തിരുന്നില്ല.
എന്നാല്‍ മോര്‍ഫ് ചെയ്ത ശില്പയുടെ ചിത്രങ്ങള്‍ ദന്പതികളുടെ മരണത്തിന് ശേഷം ബന്ധുക്കള്‍ക്ക് ലഭിച്ചു. ഇതാണ് മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പു സംഘമാണെന്ന സംശയം ബലപ്പെടാൻ കാരണം.
മരണത്തിന്റെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്കാര ചടങ്ങുകള്‍ക്കുശേഷം പള്ളി അങ്കണത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. തുടരുന്നു