വടകര: ലോട്ടറി തട്ടിപ്പിനു പുതിയ രൂപം. പ്രത്യേകം ആപ്പ് നിർമിച്ച് ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ കൈക്കലാക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. മൂടാടി കാക്കവയൽ മണി (43), പയ്യോളി ഇരിങ്ങൽ കുന്നുംപുറത്ത് കിഷോർ (38) എന്നിവരെയാണ് ഡിവൈഎസ്പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരമൊരു തട്ടിപ്പ് സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പിടികൂടുന്നതെന്നു കരുതുന്നു.
മണിയെ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ആലക്കൽ റെസിഡൻസിയ്ക്ക് സമീപത്തു നിന്നും കിഷോറിനെ പയ്യോളി മാർക്കറ്റ് റോഡിൽ നിന്നുമാണ് ഇടപാടുകാർക്ക് പണം കൈമാറുന്നതിനിടയിൽ അറസ്റ്റ് ചെയ്തത്. ഇരുവരിൽ നിന്നുമായി 39,100 രൂപയും പുതിയ സോഫ്റ്റ് വെയറോട് കൂടിയ രണ്ട് മൊബൈൽ ഫോണുകളും പിടികൂടി.
മ്യൂസിക് എന്ന പുതിയ ആപ്പ് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാരിന്റെ ദിനം പ്രതി നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ അക്കങ്ങൾ അടിസ്ഥാനത്തിൽ സമ്മാനം ലഭിക്കുന്ന നന്പറുകൾക്ക് പണം നൽകുന്നത്. അവസാനത്തെ ഒരക്കത്തിന് നൂറ് രൂപയും രണ്ട്, മൂന്ന് അക്കങ്ങൾക്ക് 500, 5000 രൂപ വീതവുമാണ് സമ്മാനം.
ആപ്പിലേക്ക് ഒരു നന്പർ സന്ദേശം അയക്കുന്നതിന് പത്തു രൂപയാണ് ഈടാക്കുന്നത്. പ്രത്യേക യൂസർ ഐഡിയും പാസ് വേർഡും ഇതിന് വേണ്ടതുണ്ട്. ഇതിലൂടെയാണ് ഉപഭോക്താക്കളെ കണ്ണികളാക്കുന്നത്. സന്ദേശം അയക്കുന്നവരിൽ നിന്നു പണം ഈടാക്കാൻ ഏജന്റുമാരേയും നിയമിച്ചിട്ടുണ്ട്. മാക് യൂസർ ഐഡിയും 1 2 3 എന്ന പാസ് വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ്.
സംസ്ഥാന ലോട്ടറിയുടെ നറുക്കെടുക്കുന്ന സമയം തന്നെ റിസൾട്ട് ലഭിക്കുന്നതാണ് ഓണ്‍ ലൈൻ വ്യാപാരത്തിന് ആക്കം
കൂട്ടുന്നത്. കോഴിക്കോട്, മലപ്പുറം, തലശേരി എന്നിവിടങ്ങളിൽ വ്യാപക രീതിയിൽ ഓണ്‍ ലൈൻ തട്ടിപ്പുകൾ നടക്കുന്നതായും ബംഗളുരുവിൽ ഇവർക്ക് കണ്ണികൾ ഉള്ളതായും ഡിവൈഎസ്പി പറഞ്ഞു.എഎസ്ഐ സുരേഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അജേഷ്, ഹേമന്ത്, ഷിറാജ്, ബോബൻ, ശ്രീലേഷ്, സജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.