കൊച്ചി: ഓണ്‍ലൈൻ ഭക്ഷണ വിതരണം മറയാക്കി ലഹരിമരുന്നു വില്പന നടത്തുന്ന സംഭവുമായി ബന്ധപ്പെട്ടു കഴിഞ്ഞ നാലു മാസത്തിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായതു നാലു പേർ. ഭക്ഷണ വിതരണം മറയാക്കി നിരവധിപേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നതായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവും പരിശോധനകളും കർശനമാക്കാൻ അധികൃതരും രംഗത്തിറങ്ങി.
പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനികളിൽനിന്നു ജീവനക്കാരുടെ പേരുവിവരങ്ങളും വാഹന സംബന്ധമായ കാര്യങ്ങളും എക്സൈസ് വകുപ്പ് ശേഖരിക്കും. അധികൃതരുടെ കണ്ണുവെട്ടിച്ച് വൻകിട ഫ്ളാറ്റുകളിലേക്കും മാളുകളിലേക്കും ഭക്ഷണമെന്ന വ്യാജേന ലഹരിമരുന്നുകൾ എത്തിക്കാൻ ഡെലിവറി ജീവനക്കാർക്ക് കഴിയുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തൽ.
രാത്രികാലങ്ങളിൽ ഉൾപ്പെടെ നടത്തുന്ന വാഹന പരിശോധനകളിൽ ഡെലിവറി ജീവനക്കാരുടെ വാഹനങ്ങളിൽ കർശന പരിശോധന നടത്തുവാനും എക്സൈസ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ പിടിയിലായ നാലുപേരിൽനിന്നായി പത്തുലക്ഷം വില വരുന്ന ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. എംഡിഎംഎ, ഹാഷിഷ് എന്നിവയുൾപ്പെടെയുള്ളവയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.
ഡെലിവറി ജീവനക്കാരായി പ്രവേശിച്ചശേഷം കന്പനി നൽകുന്ന ഡെലിവറി ബാഗും ടീ ഷർട്ടും ധരിച്ചാണ് ജീവനക്കാരുടെ ഇരുചക്ര വാഹനയാത്ര. രാത്രി വൈകിയും നഗരത്തിൽ ഇവരുടെ സേവനം ലഭ്യമാണ്. വാഹന പരിശോധനകളിൽനിന്നും രക്ഷപ്പെടാൻ ഇവർ കന്പനിയുടെ പേരിൽ ലഭിക്കുന്ന വസ്ത്രങ്ങൾ ചിലർ ദുരുപയോഗം ചെയ്യുന്നതായി അധികൃതർ പറഞ്ഞു.
നഗരത്തിനകത്ത് പൊതുഇടങ്ങളിൽ പോലും ഇത്തരത്തിൽ ഭക്ഷണവിതരണത്തിൻറെ മറവിൽ ലഹരിമരുന്നുകൾ കൈമാറാൻ സാധിക്കുന്നുണ്ടെന്നാണ് എക്സൈസ് സംഘം നൽകുന്ന സൂചന. ലഹരമരുന്നുകൾ ഭക്ഷണം പോലെ പൊതിഞ്ഞ് വിതരണം ചെയ്യുന്നവരുമുണ്ട്.
നഗരത്തിൽ വിവിധ ഓണ്‍ലൈൻ കന്പനികളുടെ നൂറുകണക്കിന് ജോലിക്കാർ ഇത് ഉപജീവനമാക്കിയിട്ടുള്ളതിനാൽ പോലീസിനും എക്സൈസിനും ഇത്തരക്കാരിലേക്ക് വേഗം എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങൾ ആയതിനാൽ തുറന്ന് പരിശോധിക്കുന്നതിന് പരിമിതികളും ഏറെയാണ്.
ഇത്തരം ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യുന്നതോടെ ഈ മേഖലയിലെ ലഹരികടത്ത് തടയാനാകുമെന്ന് അധികൃതർ പറഞ്ഞു.