കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് ! തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി പിടിയില്‍; മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപ…

ആലുവ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് കോടികള്‍ കവര്‍ന്ന സംഘത്തിലെ പ്രധാന പ്രതിയെ ബംഗളൂരുവില്‍നിന്നും എറണാകുളം റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പിടികൂടി. കോല്‍ക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്.

കേരളത്തില്‍നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയില്‍ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്.

ഇതില്‍ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടില്‍നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേരിട്ട് നേതൃത്വം കൊടുക്കുന്ന ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് രാഷ്ട്രദീപികയോട് പറഞ്ഞു.

തൃശൂരില്‍ മൂന്നു പേരുടെ അക്കൗണ്ടുകളില്‍ നിന്നായി 83.75 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.

തട്ടിപ്പ് ഇങ്ങനെ

ഓണ്‍ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്.

ഇതില്‍ നിന്നും യൂസര്‍ ഐഡിയും, പാസ് വേഡും സ്വന്തമാക്കും. തുടര്‍ന്ന് ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇതിനായി സംഘത്തിലെ ഒരാള്‍ കേരളത്തില്‍വന്ന് വ്യാജ ആധാര്‍ കാര്‍ഡും, വോട്ടേഴ്‌സ് ഐഡിയും നിര്‍മിച്ച് വിവിധ മൊബൈല്‍ കമ്പനികളില്‍നിന്നും അക്കൗണ്ടുകാരുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും.

അതിനു ശേഷം ഈ സിമ്മിലേക്ക് ഒടിപി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവന്‍ കവരുകയാണ് ചെയ്യുന്നത്. യഥാര്‍ഥ ഉടമ സിം ബ്ലോക്കായി കിടക്കുന്നതിനാല്‍ ബാങ്കില്‍ നിന്നും വരുന്ന മെസേജ് അറിയുകയുമില്ല.


അഞ്ച് ദിവസം; 85 ലക്ഷം പോയി


മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബിഎസ്എന്‍എല്ലിന്റെ രണ്ട് ഓഫീസുകള്‍ വഴിയാണ് വാങ്ങിയത്. അഞ്ച്ദിവസങ്ങളിലായാണ് 85 ലക്ഷം രൂപ സംഘം പിന്‍വലിച്ചിരിക്കുന്നത്. പണം പോയിരിക്കുന്നത് കോല്‍ക്കത്തയിലെ നാല് ബാങ്ക് അക്കൗണ്ടിലേക്കും.


തൃശൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍നിന്നും പണം എടുത്തത് ആലുവയിലെ മൊബൈല്‍ ഓഫീസില്‍ നിന്നും കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴിയാണ്.

ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തിയ സംഘം ബംഗളൂരുവില്‍ വലിയൊരു ഓപ്പറേഷന് തയാറെടുക്കുകയായിരുന്നു. കേരളത്തില്‍ കൂടുതല്‍ പേരുടെ പണം ഇത്തരത്തില്‍ തട്ടിപ്പു സംഘം കരസ്ഥമാക്കിയെന്നാണ് സൂചന. സൈബര്‍ സിഐ കെ.ജി. ഗോപകുമാറിനാണ് അന്വേഷണത്തിന്റെ കൂടുതല്‍ ചുമതല നല്‍കിയിരിക്കുന്നത്.

Related posts

Leave a Comment