ഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്തു ! യുവതിയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ; സംഭവം കണ്ണൂരില്‍…

ഓണ്‍ലൈനില്‍ വസ്ത്രം ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. കണ്ണൂരിലാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിരുന്നു.

തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടത്. ബംഗാള്‍ സ്വദേശികളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഫേസ്്ബുക്കില്‍ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം കൂട്ടുംമുഖം സ്വദേശിയായ യുവതി ചുരിദാറിന് ഓര്‍ഡര്‍ ചെയ്തതു. 299 രൂപ ഓണ്‍ലൈനായി നല്‍കുകയും ചെയ്തു.

ഓര്‍ഡര്‍ നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിച്ചില്ല. തുടര്‍ന്നാണ് പരസ്യത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നത്.

പരിശോധനക്കായി യുവതിയോട് ബാങ്ക് അക്കൗണ്ട് നമ്പര്‍ ചോദിച്ചു. യുവതി അക്കൗണ്ട് വിവരങ്ങള്‍ കൈമാറി. ഫോണില്‍ ലഭിച്ച സന്ദേശം, സ്ഥാപനത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് തിരിച്ചയക്കാന്‍ പറഞ്ഞു.

എസ്എംഎസ് തിരിച്ചയച്ച ഉടനെ പണം നഷ്ടപ്പെട്ടു. ആറു തവണയായി അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഒ.ടി.പി വിവരങ്ങളടങ്ങിയ സന്ദേശമാണ് യുവതി തട്ടിപ്പു സംഘത്തിന് കൈമാറിയതെന്നാണ് സൂചന.

യുവതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് അന്വേഷണം നടത്തുകയാണ്.

പണം ബംഗാള്‍ സ്വദേശികളായ നാലു പേരുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് മനസിലായിട്ടുണ്ട്. ഇവരുടെ ഫോണ്‍ നമ്പറുകളും സിം എടുക്കാന്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡിലുള്ള മേല്‍വിലാസവും പോലീസ് ശേഖരിച്ചു.

ഇത് വ്യാജ മേല്‍വിലാസമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനും ആലോചനയുണ്ട്. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടിവരികയാണെന്നും ജാഗ്രത കാട്ടണമെന്നും പോലീസ് പറയുന്നു.

Related posts

Leave a Comment