കിട്ടുന്നതില്‍ പാതികമ്മീഷന്‍! ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നത് കോട്ടയം സ്വദേശികളായ ദമ്പതികള്‍; സ്ത്രീകളെ എത്തിച്ചിരുന്നത് ബംഗളൂരുവില്‍നിന്ന്

immoral1

കൊച്ചി: കലൂരില്‍ വാടകവീടു കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മുഖ്യപ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ്.  കേസിലെ മുഖ്യപ്രതികളായ കോട്ടയം സ്വദേശി  ജയകുമാറും ഭാര്യ സുമിയും ഒളിവിലാണ്. നേരത്തെ സംഘത്തിലെ രണ്ടു സ്ത്രീകളും ഇടപാടുകാരനും അടക്കം അഞ്ചുപേര്‍ പോലീസ് പിടിയിലായിരുന്നു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപം എരൂര്‍ വസുദേവ് റോഡില്‍ വാടകവീടു കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘമാണ് പോലീസ് പിടിയിലായത്. ഏലൂര്‍ കമ്പനിപ്പടി സ്വദേശി  ജയേഷ് (37), തൊടുപുഴ ചിറ്റൂര്‍ സ്വദേശി കൃഷ്ണതീര്‍ത്തം ബാബു (35), തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി പുതിയകുന്നേല്‍ സുനീര്‍(35)  ബംഗളൂരു, തൃശൂര്‍ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണ് അറസ്റ്റുചെയ്തത്. സ്ത്രീകളെ മഹിളാ മന്ദിരത്തിലാക്കി. മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു.

ഇടപാടുകള്‍ വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കി     

വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പിടിയിലായവരില്‍ ജയേഷാണ് ചില ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിരുന്നത്. താത്പര്യമുള്ളവര്‍ക്കു ബന്ധപ്പെടാനായി ജയേഷിന്റെ ഫോണ്‍ നമ്പറായിരുന്നു കൊടുത്തിരുന്നത്. ആവശ്യക്കാരെ പിന്നീട് കലൂര്‍, പാലാരിവട്ടം, സ്റ്റേഡിയം പരിസരം എന്നീ സ്ഥലങ്ങളില്‍ ഫോണില്‍ വിളിച്ചുവരുത്തും.

ഇവിടെ എത്തുന്നവരെ ബാബുവിന്റെ സഹായത്തോടെ പ്രത്യേക വാഹനത്തില്‍ അനാശാസ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇടപാടുകള്‍ക്കുശേഷം ഇവരുടെ വാഹനത്തില്‍ തന്നെ അവരെ തിരിച്ച് കൂട്ടിയ ഇടത്തുതന്നെ എത്തിക്കും. കേന്ദ്രത്തിന്റെ നടത്തിപ്പ്, ഇടപാടുകാരെ ബന്ധപ്പെട്ട് കേന്ദ്രത്തില്‍ എത്തിക്കല്‍ എന്നീ കാര്യങ്ങള്‍ ചെയതിരുന്നത് ജയേഷും ബാബും ചേര്‍ന്നായിരുന്നു. ജയേഷിന്റെ പേരില്‍ മുമ്പും കളമശേരി പോലീസ് സ്‌റ്റേഷനില്‍ പെണ്‍വാണിഭക്കേസുണ്ട്.

മുഖ്യനടത്തിപ്പുകാര്‍ ദമ്പതികള്‍

കേസില്‍ പോലീസ് തെരയുന്ന ദമ്പതികളായ സുമിയും ജയകുമാറും മുമ്പും പെണ്‍വാണിഭക്കേസുകളില്‍ പ്രതികളായിട്ടുണ്ട്. മരട്, കളമശേരി പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ടെന്നു പോലീസ് അറിയിച്ചു. ഈ പെണ്‍വാണിഭകേന്ദ്രത്തിന്റെ മുഖ്യനടത്തിപ്പുകാരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നു സ്ത്രീകളെ എത്തിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇത്തരത്തില്‍ കൂട്ടികൊണ്ടു വരുന്ന സ്ത്രീകളെ രണ്ടാഴ്ച്ച വരെ ഇവര്‍ വാടകയ്ക്ക് എടുക്കുന്ന വീട്ടില്‍ താമസിപ്പിച്ച് വാണിഭം നടത്തും.

കിട്ടുന്ന തുകയുടെ പകുതി കമ്മീഷനായി നടത്തിപ്പുകാര്‍ എടുക്കുകയും ബാക്കി തുക സ്ത്രീകള്‍ക്കു നല്‍കുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ ഇവിടെ വരുന്ന സ്ത്രീകളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചാണ് കൂടുതല്‍ സ്ത്രീകളെ ഇവര്‍ വാണിഭത്തിനായി എത്തിക്കുന്നത്. അതു ചെയ്തിരുന്നത് സുമിയായിരുന്നു. ബംഗളൂരുവില്‍നിന്നും മറ്റു സ്ഥലങ്ങളിലും നിന്നുമാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. രണ്ടു മാസത്തില്‍ കൂടുതല്‍ ഇവര്‍ ഒരു സ്ഥലത്ത് താമസിക്കാറില്ല. വീട്ടിലേക്ക് ആളുകള്‍ വന്നു പോകുന്നത് പതിവായാല്‍ നാട്ടുകാര്‍ സംശയിക്കുന്നതിനാലാണ് വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നത്.

പോലീസ് എത്തിയത് ഇടപാടുകാരായി

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന പരിശോധനയ്ക്കിടയിലാണ് ഇവരുടെ വെബസൈറ്റ് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന വെബ്‌സൈറ്റില്‍ കണ്ട നമ്പറിലേക്ക് ഇടപാടുകാരെന്ന വ്യാജേന പോലീസ് വിളിക്കുകയായിരുന്നു. ഈ നമ്പറില്‍ ബന്ധപ്പെട്ട് തത്പരകക്ഷിയെന്ന പേരില്‍ സംസാരിച്ചു. തുടര്‍ന്ന് ജയേഷ് ആവശ്യപ്പെട്ട സ്ഥലത്തെത്തുകയും ജയേഷും ബാബുവും എത്തിയ അവരുടെ വാഹനത്തില്‍ കലൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന പോലീസ് സംഘം ഉടനെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Related posts