ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! വിവിധ സര്‍വേകളില്‍ നിന്ന് വെളിപ്പെടുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്ന മൂന്നില്‍ ഒരാള്‍ കബളിപ്പിക്കപ്പെടുന്നു

പഴയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കടയില്‍പ്പോകുന്നതിന് പകരം ലഭ്യമായ എല്ലാ വസ്തുക്കളും ഓണ്‍ലൈനില്‍ വാങ്ങി വീട്ടിലെത്തിക്കാനാണ് ബഹുഭൂരിപക്ഷം ആളുകളും താത്പര്യപ്പെടുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്ന പലരും പറ്റിക്കപ്പെടുകയാണെന്നാണ് അടുത്തിടെ നടത്തിയ ഒന്നിലധികം സര്‍വ്വേകളില്‍ നിന്ന് വെളിപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്ന മൂന്നില്‍ ഒരാള്‍ പറ്റിക്കപ്പെടുന്നു എന്നാണ് തെളിഞ്ഞിരിക്കുന്നത്.

ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനംപേരും ഇക്കാര്യം സ്ഥിരീകരിച്ചു. 6,923 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സ്‌നാപ്ഡീലില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയ 12 ശതമാനം പേരാണ് തങ്ങള്‍ക്ക് പലപ്പോഴും വ്യാജ ഉത്പന്നങ്ങള്‍ ലഭിക്കാറുണ്ടെന്ന് സര്‍വെയില്‍ വെളിപ്പെടുത്തയത്. ആമസോണിന്റെ ഉപഭോക്താക്കളായ 11 ശതമാനംപേരും ഫ്ളിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളായ ആറുശതമാനംപേരും ഇക്കാര്യം വെളിപ്പെടുത്തി.

ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്ന മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങളാണെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് പ്ലാറ്റ്ഫോമായ വെലോസിറ്റി എംആര്‍ നടത്ത സര്‍വെയില്‍ പറയുന്നു. 3000പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇവര്‍ സര്‍വെ നടത്തിയത്. സുഗന്ധദ്രവ്യങ്ങള്‍, ഷൂ, സ്പോര്‍ട്സ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയിലാണ് വ്യാജന്മാര്‍ ഏറെയും.

യുഎസ് ലൈഫ്സ്‌റ്റൈല്‍ ഉത്പന്ന നിര്‍മാതാക്കളായ സ്‌കെച്ചേഴ്സ് അടുത്തയിടെയാണ് തങ്ങളുടെ വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഫ്ളിപ്കാര്‍ട്ടിനെതിരെയായിരുന്നു ഇവരുടെ ആക്ഷേപം. ഷോപ്ക്ലൂസിനെതിരെ കോസ്മെറ്റിക് കമ്പനിയായ ലാ ഓറെയിലും ഡല്‍ഹിയില്‍ കോടതിയെ സമീപിച്ചിരുന്നു. ഓണ്‍ലൈനിലൂടെ വാങ്ങിയ ഉത്പന്നങ്ങള്‍ തിരിച്ചയച്ചതുമൂലം 2017ല്‍ ഇകൊമേഴ്സ് സ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം 34 കോടി ഡോളറാണെന്ന് റെഡ്സ്റ്റാര്‍ വിലയിരുത്തുന്നു.

 

Related posts