കോട്ടയം: സർക്കാർ നിർദേശം പാലിച്ചു ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ വ്യാപാരികൾ കടയടച്ച് സഹകരിച്ചു പ്രവർത്തിക്കുന്പോൾ വൻകിട കുത്തകകളുടെ ഓണ്‍ലൈൻ വ്യാപാരം നിർത്തിവയ്ക്കണമെന്ന് കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
വൻകിട ഓണ്‍ലൈൻ കുത്തക കന്പിനികളയായ ആമസോണ്‍, ഫ്ലിപ്പ്കാർട്ട് എന്നിവ ഈ അവസരം മുതലെടുത്ത് വിപണനം നടത്തുകയാണ്. ഇപ്പോൾ തുറക്കുവാൻ അനുവാദമില്ലാത്ത സ്ഥാപനങ്ങളെയും, ചെറുകിട വ്യാപാരികളെയും ഇതു ദോഷകരമായി ബാധിക്കും.
ഈ സാഹചര്യത്തിൽ കോട്ടയത്തെ ഓണ്‍ലൈൻ വ്യാപാര കേന്ദ്രങ്ങളായ ആമസോണ്‍, ഫ്ലിപ്പ്കാർട്ട് എന്നിവയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും യോഗം അധികൃതരോട് അഭ്യർഥിച്ചു.
ഈ ആവശ്യം ഉന്നയിച്ചു ജില്ലാ അധികൃതർക്ക് നിവേദനം നൽകാനും അവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണ്‍ലൈൻ വ്യാപാര കേന്ദ്രങ്ങളുടെ മുന്നിൽ സമരം നടത്തുവാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ടി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. എം.കെ. ഖാദർ, സി.എ. ജോണ്‍, കുരുവിള തോമസ്, എ.കെ.എൻ. പണിക്കർ, ഫിലിപ്പ് മാത്യു തരകൻ, കെ.പി. ഇബ്രാഹിം, സുരേഷ് ബൃന്ദാവൻ, പി.കെ. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.