ചെറായി: ഓണ്‍ലൈൻ വഴിയോ ഫോണ്‍ മുഖേനയോ നടത്തുന്ന വ്യാപരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് മുനന്പം പോലീസ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഫോണിലൂടെ ഓർഡർ എടുത്ത് അക്കൗണ്ട് വഴി പേയ്മെന്റ് സ്വീകരിച്ച് ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകാരാണ് കൂടുതൽ ജാഗരൂകരാകേണ്ടത്.
ചെറായി- പറവൂർ മേഖലയിൽ ഇത്തരം സൈബർ തട്ടിപ്പുകൾക്കിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. പേയ്മെന്റിനായി അക്കൗണ്ട് നന്പറും ഡെബിറ്റ് കാർഡ് നന്പറുമെല്ലാം ഇവർക്ക് കൈമാറേണ്ടി വരുന്നതിനാൽ ഫോണിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നവരിൽ മുൻപരിയമോ, അടുത്ത് പരിചയമോ ഉള്ളവർക്ക് മാത്രം ഭക്ഷണം വിതരണം നടത്തുന്നതായിരിക്കും സുരക്ഷിതമെന്ന് മുനന്പം എസ്ഐ എ. ഷഫീക്ക് പറയുന്നു.
തട്ടിപ്പ് സംഘത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരോ മലയാളികളോ എന്നകാര്യം വ്യക്തമല്ല. പരാതികളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് പോലീസ് സൈബർ സെല്ലിന്റെ അന്വേഷണം നടക്കുന്നുണ്ട്.