കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ മുഖ്യഇടനിലക്കാരനെ ഇന്നു കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യഇടനിലക്കാരനുമായ കോല്‍ക്കത്ത ബോംഗാ ജില്ലയിലെ ഠാക്കൂര്‍ നഗര്‍ സ്വദേശി റിപ്പോണ്‍(23)നെയാണ് ഇന്നലെ ബംഗളൂരുവില്‍ നിന്നും മുളവുകാട് എസ്‌ഐ പി.ആര്‍ സുനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ചു.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുസമീപം കമ്മട്ടിപാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അജി ജോണ്‍ എന്നു വിളിക്കുന്ന ജോണി ജോസഫ് (42), റെജി മാത്യു(32), മനീഷ് ലാല്‍(27) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവര്‍ പിടിയിലായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് റിപ്പോണ്‍ കൊല്‍ക്കത്തയിലേക്ക് രക്ഷപെടാനൊരുങ്ങുമ്പോഴാണ് പിടിയിലായത്. നാലു വര്‍ഷമായി ബംഗളൂരുവില്‍ താമസിച്ചു വരുന്ന ഇയാള്‍ കൊച്ചിയിലുള്ള പ്രതികളില്‍നിന്നു വന്‍ തുക പ്രതിഫലം വാങ്ങിയാണ് സഹോദരിയെ വിട്ടുനല്കിയതെന്ന് പോലീസ് പറഞ്ഞു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ബംഗളൂരു നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ കെങ്കേരിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍ പറഞ്ഞു. തന്റെ അച്ഛന്റെ രണ്ടാം ഭാര്യയുടെ മകളെയാണ് താന്‍ അജിക്കു വിറ്റതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, ഇതു കള്ളമാകാനാണ് സാധ്യതയെന്നാണ് പോലീസ് വിലയിരുത്തുന്നത്. നാലു വര്‍ഷത്തോളമായി ബംഗളൂരുവിലുള്ള ഇയാള്‍ മജസ്റ്റിക്കില്‍ തുണിക്കച്ചവടം ചെയ്തു വരികയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് റിപ്പോണ്‍ അജിയെ പരിചയപ്പെടുന്നത്. ഇതിനു മുമ്പും അജി റിപ്പോണിന്റെ കയ്യില്‍ നിന്നും കൊല്‍ക്കത്ത സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ വില കൊടുത്തു വാങ്ങി കമ്മട്ടിപ്പാടത്തെ സിറ്റി ലോഡ്ജില്‍ എത്തിച്ച് വാണിഭം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഈ പെണ്‍കുട്ടിയെ അഞ്ച് ദിവസത്തിന് ശേഷം റിപ്പോണിന് തിരികെ നല്‍കിയതായും അജി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം റിപ്പോണ്‍ സമ്മതിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.