കൊച്ചി: ഇന്റർനെറ്റ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിയ കേസിൽ പിടിയിലായ യുവാവിന് രാജ്യാന്തര പെണ്‍വാണിഭ സംഘവുമായി ബന്ധം. പ്രതിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസും.സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്നിരുന്ന തൃശൂർ പാവറട്ടി വെള്ളാപ്പറന്പിൽ സനോജിനെ (34) ഇന്നലെയാണ് കലൂർ കറുകപ്പള്ളിയിൽ ഇയാൾ താമസിച്ചിരുന്ന ഫ്ളാറ്റ് വളഞ്ഞ് പോലീസ് അറസ്റ്റു ചെയ്തത്. പാലാരിവട്ടം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.
ആവശ്യക്കാർക്ക് പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നൽകിവരികയായിരുന്നു പ്രതിയുടെ രീതി. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ ഫ്ളാറ്റിൽനിന്നു നിരവധി വിലകൂടിയ മൊബൈൽ ഫോണുകളും ഗർഭനിരോധന ഉറകളും സെക്സ് ടോയ്സും ഉത്തേജക മരുന്നുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ദുബായിൽ ജോലി ചെയ്തുവന്നിരുന്ന പ്രതി ജോലി നഷ്ടപെട്ടതിനെത്തുടർന്ന് നാട്ടിലെത്തി പെണ്‍വാണിഭം നടത്തിവരികയായിരുന്നുവെന്നാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
പരാതിക്കാരിയായ പെണ്‍കുട്ടി വിദേശത്തു ജോലി ചെയ്യുന്ന സമയത്ത് ഇവരുടെ ഫോട്ടോ അശ്ലീല വെബ് സൈറ്റായ ലൊക്കാൻറോയിൽ ഒരു ഫോണ്‍ നന്പർ സഹിതം പ്രത്യക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുക്കൾ വിവരം പെണ്‍കുട്ടിയെ അറിയിക്കുകയും നാണക്കേട് ഭയന്ന് പെണ്‍കുട്ടി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി പാലാരിവട്ടം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മാസങ്ങളായി നടത്തിയ അന്വേഷണത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. പ്രതി ഉപയോഗിച്ചിരുന്നത് വ്യാജ വിലാസത്തിൽ സംഘടിപ്പിച്ചിരുന്ന ഫോണായിരുന്നതിനാൽ ഇയാളെ പെട്ടെന്നു കുടുക്കാൻ സാധിച്ചില്ല. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ ഇയാൾ ബംഗ്ളൂരുവിൽ ഉൾപ്പെടെ മാറിമാറി കഴിഞ്ഞുവരികയായിരുന്നു.
എന്നാൽ, മുഴുവൻ സമയവും വാട്സാപ്പിലും വോയ്സ് മെയിലിലും പെണ്‍കുട്ടികളുടെ നന്പർ ഉപയോഗിച്ച് വിലസുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ കുടുക്കിയത്. ലോഡ്ജ് ബുക്കു ചെയ്തശേഷം വിവരമറിയിച്ചാൽ പെണ്‍കുട്ടിയെ ലോഡ്ജിൽ എത്തിക്കും. ഇടപാടുകാർ ലോഡ്ജ് ബുക്കു ചെയ്യുന്ന വിവരം അപ്പപ്പോൾ അറിയാനായി പല സ്ഥലങ്ങളിലുമുള്ള ലോഡ്ജുകാരുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എറണാകുളത്ത് ഇടപാടുകാരെന്ന വ്യാജേന പോലീസ് എടുത്ത മുറിയിലേക്ക് ഇയാൾ അയച്ച വാണിഭസംഘത്തിലുള്ള ഒരു പെണ്‍കുട്ടിയെ രഹസ്യമായി ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഇയാളുടെ താമസസ്ഥലം കണ്ടെത്തിയത്.
ആവശ്യക്കാർ വലയിൽ കുരുങ്ങിക്കഴിഞ്ഞാൽ പെണ്‍കുട്ടിയുമായി സംസാരിക്കുന്നതിന് 500 രൂപയും വീഡിയോ കോൾ ചെയ്യുന്നതിന് ആയിരം രൂപയും മുൻകൂറായി പേടിഎമ്മിലൂടെ ഇയാൾ ഈടാക്കിയിരുന്നു.
ഇയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇത്തരത്തിൽ പതിനായിരക്കണക്കിനു രൂപ ദിവസേന ഇയാൾക്കു ലഭിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതിക്ക് ഗൂഡല്ലൂരിൽ എസ്റ്റേറ്റും മറ്റു സ്വത്തുക്കളും ഉള്ളതായും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.