കൊച്ചി: വിസ കാലാവധി കഴിഞ്ഞും നെട്ടൂരിൽ രണ്ട് കെനിയന്‍ യുവതികള്‍ അനധികൃതമായി തങ്ങിയ സംഭവത്തില്‍ യുവതികള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി സംശയിക്കുന്നതായി അന്വേഷണ സംഘം.
കേസുമായി ബന്ധപ്പെട്ട് നെട്ടൂരിലെ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന കെനിയ സ്വദേശികളായ ഗ്വാരോ മാര്‍ഗരറ്റ് സെബീന (35), എഗാഡ്വ മേഴ്സി അദംബ (26) എന്നിവരെയാണ് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവര്‍ എന്തിനാണ് ഇത്രയും കാലം ഇവിടെ താമസിച്ചതെന്ന് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വിസിറ്റിംഗ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇരുവരുടെയും വിസ കാലാവധി 2018ല്‍ തീര്‍ന്നിരുന്നു. രാജ്യത്തെ പലയിടങ്ങളിലും താമസിച്ച ശേഷം രണ്ടാഴ്ച മുമ്പാണ് നെട്ടൂരിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാനെത്തിയത്.
ഒരാഴ്ച മുമ്പ് കൂടെ താമസിക്കാനെത്തിയ കെനിയയിലെ മറ്റൊരു യുവതിയുമായി ബഹളമുണ്ടാവുകയും യുവതിയുടെ പാസ്പോര്‍ട്ടും പണവും ഇവര്‍ കൈവശം വച്ചെന്നു പരാതിക്കാരി പറയുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവതി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
പനങ്ങാട് പോലീസെത്തി പരിശോധന നടത്തിയതില്‍ കൈവശമുള്ള പാസ്പോട്ട് ഇവരുടേതല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ ഒരാളുടെ പാസ്പോര്‍ട്ട് ഡല്‍ഹിയിലുള്ള മറ്റൊരു യുവതിയുടെ കൈയിലും മറ്റൊരാളുടേത് ചണ്ഢിഗഡിലാണെന്നും കണ്ടെത്തി.
തുടര്‍ന്ന് ഇത് പരിശോധിച്ചപ്പോഴാണ് വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുകയാണെന്ന് കണ്ടെത്തിയത്. ഇരുവരും റിമാന്‍ഡിലാണ്.