ഓണ്ലൈന് സെക്സ് തട്ടിപ്പ് കേരളത്തില് വീണ്ടും വ്യാപകമാകുന്നതായി വിവരം.എസ്കോര്ട്ട് സൈറ്റുകള് വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. മാനക്കേട് ഓര്ത്ത് തട്ടിപ്പിനിരയായവര് ഇത് പുറത്തു പറയാത്തതാണ് തട്ടിപ്പുകാര്ക്ക് വളമാവുന്നത്. 24,000 രൂപ നഷ്ടമായ ഒരാള് കൊച്ചി സിറ്റി സൈബര് സെല്ലില് പരാതിനല്കിയതോടെയാണ് തട്ടിപ്പ് പൊലീസ് മനസ്സിലാക്കിയത്.
ഗൂഗിളില് എസ്കോര്ട്ട് സൈറ്റുകള് തിരയുന്നവര്ക്കുമുന്നില് കേരളം, മലയാളി തുടങ്ങിയ പേരുകളില് തുടങ്ങുന്ന വെബ്സൈറ്റുകള് പ്രത്യക്ഷപ്പെടും. ഒരു മൊബൈല് നമ്പറും നല്കിയിട്ടുണ്ടാകും. ഇതില് വിളിച്ചാല് ചതി ഉറപ്പ്. മലയാളികള് തന്നെയാണ് ഫോണ് എടുക്കുക. ഒരുപാട് പെണ്കുട്ടികള് കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും. ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇത് ഓണ്ലൈനില് അടയ്ക്കുന്നതോടെ ഫോട്ടോ നല്കും.
തുടര്ന്ന് പെണ്കുട്ടിക്കായി മുന്കൂട്ടി അഡ്വാന്സ് നല്കണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്സ് നല്കിയാല് പെണ്കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാക്ക്. പതിനായിരങ്ങളാണ് അഡ്വാന്സ് വാങ്ങുന്നത്. പണം നല്കി ഇവര് അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോണ്വിളിയെത്തും. ആവശ്യപ്പെട്ട പെണ്കുട്ടിക്ക് പെട്ടെന്ന് മറ്റൊരത്യാവശ്യം വന്നുവെന്നും കൂടുതല് പണം നല്കിയാല് വേറെ പെണ്കുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനം. വീണ്ടും പണം അയച്ചുകഴിഞ്ഞാല് പിന്നെ ഇവരെ വിളിച്ചാല് ഫോണെടുക്കില്ല.
സംസ്ഥാനത്ത് ഓണ്ലൈന് സെക്സ് റാക്കറ്റുകള് വീണ്ടും സജീവമായതോടെയാണ് അതിന്റെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമായത്. ഓണ്ലൈന് സൈറ്റുകള് വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. സംസ്ഥാനത്തെ ഓണ്ലൈന് സെക്സ് റാക്കറ്റുകള്ക്ക് എതിരെ പൊലീസ് നിരവധി നടപടികള് സ്വീകരിക്കുകയും ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തില് ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില് പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല് ഇതുകൊണ്ടൊന്നും ഇത്തരക്കാരെ തളക്കാനായിട്ടില്ലെന്നാണ് സൂചന.ഓണ്ലൈന് വഴി രതിസുഖം തേടുന്നവരെ കാത്തിരിക്കുന്നത് പെണ്കെണികള് ഒരുക്കി സാമ്പത്തികമായി ചൂഷണം ചെയ്യുന്നവര് മാത്രമല്ല മാരകമായ ലൈംഗിക രോഗങ്ങള് പകര്ന്നു തരുന്നവര് കൂടെയാണ്.
ലൈംഗിക സുഖവും മയക്കുമരുന്നും യഥേഷ്ടം വിപണം ചെയ്യുന്ന സംഘങ്ങള് സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. എസ്കോര്ട്ട്, മസാജ് എന്നെല്ലാം പറഞ്ഞ് ഓണ്ലൈനില് പരസ്യം നല്കിയാണ് പല സംഘങ്ങളും പ്രവര്ത്തിക്കുന്നത്. ടൂറിസ്റ്റുകളും പ്രവാസികളും ബിസിനസ്സുകാരും എല്ലാം ഇവരുടെ കസ്റ്റമേഴ്സില് ഉള്പ്പെടുന്നു. ഫ്ളാറ്റുകള്, ഹോട്ടലുകള്, റിസോര്ട്ടുകള്, ഹൗസ് ബോട്ടുകള് തുടങ്ങിയവയില് ഇവര് കസ്റ്റമേഴ്സിനായി വിവിധ പ്രായത്തിലുള്ള സ്ത്രീകളെ എത്തിച്ചു നല്കുന്നു. അനാശാസ്യത്തിനു പിടിയിലാകുന്നവര് പിന്നീട് പുറത്തിറങ്ങി വീണ്ടും അതേ തൊഴിലില് ഏര്പ്പെടുന്നത് സാധാരണമാണ്. ഇത്തരക്കാരെ കര്ശനമായി നിരീക്ഷിക്കുവാനും ഇവരെക്ക്തിരെ ഉള്ള കേസുകള് വീഴ്ചയില്ലാതെ നടത്തുന്നതിനും സര്ക്കാര് വേണ്ടത്ര ശുഷ്കാന്തി കാണിക്കാറില്ല. ഇതാണ് ഇപ്പോഴത്തെ തട്ടിപ്പുകള്ക്കും കാരണം.