മുക്കം: കറന്‍സി രഹിത ഇടപാടുകള്‍ ഗ്രാമീണ മേഖലയിലും തഴച്ച് വളരുന്നു. അടുത്ത കാലത്ത് വരെ യുവാക്കള്‍ മാത്രം ആശ്രയച്ചിരുന്ന ഓണ്‍ലൈന്‍ മേഖലയില്‍ വീട്ടമ്മമാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളില്‍ പോലും ആയിരക്കണക്കിന് സ്ഥിരം ഉപഭോക്താക്കളാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്.
ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്നതിനായി മിക്ക ടൗണുകളിലും വിതരണ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. സമീപ കാലം വരെ മൊബൈല്‍ ഫോണ്‍ പോലുള്ളവ വാങ്ങാന്‍ മാത്രം ആശ്രയിച്ചിരുന്ന ഓണ്‍ലൈന്‍ കച്ചവട സെന്ററുകള്‍ ഗ്രാമീണ ജനങ്ങളിലും വലിയ തോതില്‍ പ്രചരിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലൊക്കെ ഏതാനും ചില ഉത്പന്നങ്ങള്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളില്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ബുക്ക് ചെയ്യുന്നത്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും സര്‍വസാധാരണമായതോടെയാണ് ഈ മേഖലക്ക് ഇത്രയധികം ജനപ്രീതി ലഭിച്ചത്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഇന്‍ഡ്യന്‍ മെയില്‍ തുടങ്ങിയ സൈറ്റുകള്‍ വഴിയാണ് ഉപഭോക്താക്കള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വരുത്തുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങളും പാദരക്ഷകളും വസ്ത്രങ്ങള്‍ക്കുമാണ് ഓണ്‍ലൈന്‍ വിപണിയില്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്.നാട്ടില്‍ പുറങ്ങളിലെ സാധാരണ വീട്ടമ്മമാര്‍ പോലും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നതായി വിതരണക്കാര്‍ പറയുന്നു.
ഇന്റര്‍നെറ്റ് സര്‍വസാധാരണമായി ലഭ്യമായതാണ് ഓണ്‍ലൈന്‍ വിപണികള്‍ക്ക് പ്രചാരമേറാന്‍ കാരണമായത്.ഈ സാധ്യത കണ്ടാണ് റിലയന്‍സ് എന്ന പേരില്‍ രാജ്യമൊന്നാകെ ബ്രോഡ്ബാന്റ് രംഗത്തേക്ക് കടന്നു വരുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ അനന്ത സാധ്യതകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം ഓണ്‍ലൈന്‍ വ്യാപാരത്തിന് പ്രചാരം വര്‍ധിച്ചതോടെ ചെറുകിട വ്യാപാര മേഖലക്ക് വലിയ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. പൊതുവിപണിയുമായി വിലകളിലുള്ള വലിയ അന്തരമാണ് ആളുകളെ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ആകര്‍ഷിക്കുന്നത്.
സാധാരണക്കാര്‍ പോലും തങ്ങള്ക്കാവശ്യമായതെന്തും കംപ്യൂട്ടറുകളിലും മൈബൈല്‍ ഫോണുകളിലും വിരലമര്‍ത്തി ഓര്‍ഡര്‍ ചെയ്ത് വരുത്തി തുടങ്ങുന്നത് പരമ്പരാഗത കച്ചവട സങ്കല്‍പ്പങ്ങളെ അടിമുടി മാറ്റിമറിക്കുന്ന രൂപത്തിലാണ്. ഈ രംഗത്തുണ്ടാവുന്ന വലിയ വളര്‍ച്ച വരും നാളുകളില്‍ വ്യാപാര വാണിജ്യ മേഖലകളെ എ ബാധിക്കുമെന്നുറപ്പാണ്.