പയ്യന്നൂര്‍: സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്നതായുള്ള സംഭവങ്ങള്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കുമ്പോഴും എന്തുകണ്ടാലും പഠിക്കാത്ത മലയാളി ഇത്തരം തട്ടിപ്പുകളില്‍ വീണ്ടും ചെന്നുവീഴുന്നു.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയുള്ള പരാതികള്‍ കൂടിവരുന്നതിനിടയില്‍ ടാസ്ക് നല്കി പണം കബളിപ്പിച്ചതായും പരാതി.
കണ്ടങ്കാളിയിലെ വിദ്യാസമ്പന്നയായ ഇരുപത്തിരണ്ടുകാരിയാണ് ആമസോണ്‍ കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിനെതിരെ പരാതി നല്‍കിയത്.
‘ടാസ്ക്’പണംഅടിച്ചുമാറ്റിയ വഴി
ആമസോണ്‍ കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് യുവതി +63932236620 നമ്പറിലേക്കുള്ള ലിങ്ക് കണ്ടത്. ഈ ലിങ്കില്‍ കയറിയപ്പോള്‍ ടാസ്കുകള് ഒരോന്നായി വരാന്‍ തുടങ്ങി.
900 രൂപ റീച്ചാര്‍ജ് ചെയ്ത് ആദ്യത്തെ ടാസ്ക് പൂര്‍ത്തിയാക്കിയാല്‍ 1260 രൂപ തിരിച്ചുകിട്ടുമെന്നാണ് ആദ്യ വാഗ്ദാനം.ആദ്യത്തെ ടാസ്കിന്റെ വാഗ്ദാനമനുസരിച്ചുള്ള പണം തിരിച്ചുവന്നു.
ഇതോടെ ടാസ്ക്കിനോടുള്ള അവേശം കൂടി. പിന്നീട് ടാസ്ക്കുകള് ഒന്നിന് പിറകെ മറ്റൊന്നായി വന്നുവെങ്കിലും പണം തിരിച്ചുവന്നില്ലെന്ന് മാത്രമല്ല മോഹന വാഗ്ദാനങ്ങള്‍ കൂടിയുംവന്നു.കഴിഞ്ഞ ജൂലെ 12 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലായി ഫോണ്‍, ഗൂഗിള്‍പേ, വാട്സാപ്പ്, പേടിഎം എന്നിവയിലൂടെ പരാതിക്കാരിയുടെ പേരിലുള്ള തമിഴ്നാട് മെര്‍ക്കന്റൈൻ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍നിന്നും 1,78,409 രൂപയാണ് ടാസ്കിന്റെ പേരില്‍ നഷ്ടമായത്.
ഒടുവില്‍ പണി പോലീസിന്
നിര്‍ദ്ദേശ പ്രകാരമുള്ള ടാസ്ക്കുകള് പൂര്‍ത്തീകരിച്ചിട്ടും കമ്പനി വാഗ്ദാനം ചെയ്ത തുക ലഭിക്കാത്ത വിവരം പരാതിക്കാരി അറിയിച്ചപ്പോള്‍ 37,782 രൂപകൂടി അടയ്ക്കണമെന്ന നിര്‍ദ്ദേശമാണ് വന്നതെന്ന് പരാതിയില്‍ പറയുന്നു.
സംശയംതോന്നി കൂടുതലായി പരിശോധിച്ചപ്പോഴാണ് അമസോണ്‍ കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റാണിതെന്ന് മനസിലായതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഈ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.എന്നാല്‍, ഇപ്പോള്‍ മേല്പറഞ്ഞ വെബ് സെസറ്റും വാട്സാപ്പും നിര്‍ജീവമാണ്. ഇതിനാല്‍ത്തന്നെ അന്വേഷണം എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ പോലീസിനും സംശയമുണ്ട്.