എറണാകുളം: കൊച്ചിയിൽ സ്ത്രീകളുടെ മർദനത്തിനിരയായ ഓണ്‍ലൈൻ ടാക്സി ഡ്രൈവർക്കെതിരേ കേസെടുത്ത സംഭവത്തിൽ മരട് എസ്ഐക്കെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മർദനത്തിനിരയായ ഡ്രൈവർ ഷെഫീഖിനെതിരേ എടുത്ത രജിസ്റ്റർ ചെയ്ത നിലനിൽക്കില്ലെന്നും ഡ്രൈവർക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മാസം ഇരുപതിനാണു കൊച്ചി വൈറ്റിലയിൽ ഓണ്‍ലൈൻ ടാക്സി ഡ്രൈവർക്കു മർദനമേറ്റത്. കണ്ണൂർ സ്വദേശികളായ എയ്ഞ്ചൽ, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവർ ചേർന്നു ഡ്രൈവർ ഷെഫീഖിനെ മർദിക്കുകയായിരുന്നു. യുവതികൾ റോഡരികിൽ കിടന്ന കരിങ്കൽ കഷണങ്ങളുപയോഗിച്ച് ഡ്രൈവറെ നേരിട്ടു. ഡ്രൈവറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും തലയിലും മുഖത്തും മർദിക്കുകയും ചെയ്തു.
ഇതേതുടർന്ന് ഡ്രൈവർ പോലീസിലെത്തി പരാതിപ്പെട്ടു. കേസിൽ മൂന്നു സ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പോലീസ് വിട്ടയച്ചു.
ഇതിനുശേഷം മർദിച്ച സ്ത്രീകളുടെ പരാതിയിൽ ഡ്രൈവർ ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനായിരുന്നു കേസ്. ഇത് സ്വാഭാവിക നടപടി മാത്രമെന്നായിരുന്നു പോലീസിന്റെ വിശദീകരണം.