കൊച്ചി: ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസ് നടത്തി വരുന്ന നിരാഹാരം ഏഴാം ദിവസത്തിലേക്ക്കടന്നു. സമരം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞദിവസം ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.
ഉൗബർ, ഓല കന്പനികളുടെ പ്രതിനിധിളെയും തൊഴിലാളികളെയും പ്രത്യേകമായാണ് ചർച്ച നടത്തിയത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഈ മേഖലയിൽ നിയമനിർമാണം സാധ്യമാക്കുന്നതും സംബന്ധിച്ചും ഉറപ്പു നൽകിയെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ നിലപാടില്ലാത്തതിനാൽ സമരം തുടരുകയാണെന്ന് ജാക്സണ് വർഗീസ് പറഞ്ഞു.
സമരം അവസാനിപ്പിക്കണമെന്നും, സർക്കാരിനെതിരെ സമരം ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സമരം അവസാനിപ്പിക്കുന്നതിന് മന്ത്രിതലത്തിൽ ചർച്ച നടത്തുന്നത് സംബന്ധിച്ച കാര്യത്തിൽ സ്ഥിരീകരിണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് താൻ നിരാഹാരം തുടരുന്നതെന്നും ജാക്സണ് അറിയിച്ചു.