മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാരെ വാഹനം തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തുന്നതായി പരാതി. യാത്രക്കാരെയും കൊണ്ടു പോകുന്നതിനിടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വച്ചു വാഹനം തടഞ്ഞുവയ്ക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് ഓൺലൈൻ ബുക്കിംഗിലൂടെ സർവീസ് നടത്തുന്ന കാലിക്കട്ട് ടൂറിസം ട്രാവൽസിന്റെ വാഹനമാണ് വിവിധ സ്ഥലങ്ങളിൽ വച്ചു ടാക്സി ഡ്രൈവർമാർ തടയുന്നതായി പരാതി ഉയർന്നിട്ടുള്ളത്. കൂട്ടമായിയെത്തുന്നവർ കാർ തടയുകയും കാർ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കാൻ ശ്രമിക്കുന്നതായും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പറയുന്നു.
ചില സ്ഥലങ്ങളിൽ വച്ചു യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കാറിൽ നിന്ന് ഇറക്കി അവരുടെ ടാക്സി വാഹനങ്ങളിൽ കയറ്റി കൊണ്ടു പോകുകയാണെന്നും ഡ്രൈവർമാർ പറയുന്നു. ഓൺലൈൻ ടാക്സികളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടയുന്നത്. ഓൺ ലൈൻ ടാക്സികളെ തടഞ്ഞാൽ പോലീസിൽ വിവരം നൽകി പോലീസെത്തിയാൽ നടപടി സ്വീകരിക്കാറില്ലെന്നും ഡ്രൈവർമാർ ആരോപിക്കുന്നു.
24 മണിക്കൂറും സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഭീഷണി കാരണം സർവീസ് നടത്താൻ ഭയക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന് വിമാനയാത്രക്കാരെയെത്തിക്കുന്നതിന് കാലിക്കറ്റ് ടൂറിസം ട്രാവൽസാണ് ടെൻഡർ എടുത്തിരുന്നത്. കാർ, ഇന്നോവ തുടങ്ങിയ 60 വാഹനങ്ങളാണ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നത്. 40 ഡ്രൈവർമാരാണ് നിലവിലുള്ളത്.
ടാക്സും ഇൻഷ്വറൻസും അടച്ചു സർവീസ് നടത്തുന്ന വാഹനം എന്തിനാണ് തടയുന്നതെന്തിനാണെന്നാണ് മനസിലാകുന്നില്ലെന്നാണ് ഡ്രൈവർമാർ ചോദിക്കുന്നത്. നിങ്ങൾ ചെയ്യുന്ന ജോലിയല്ലേ ഞാനും ചെയ്യുന്നതെന്ന് ഡ്രൈവർ ചോദിച്ചാൽ ഭീഷണിപ്പെടുത്തിതിയും അസഭ്യം പറയുകയുമാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
വിമാനത്താവളത്തിലെ ഓൺലൈൻ ടാക്സികൾ സർവീസ് നടത്തുമ്പോൾ മറ്റു ടാക്സികൾക്ക് എന്തു നഷ്ടമാണുണ്ടാകുന്നത്. കാർ തടഞ്ഞു ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.