കോട്ടയം: ഓണ്ലൈന് ടാക്സിക്കാര്ക്കു നേരേ ടാക്സി ഡ്രൈവര്മാരുടെ ആക്രമണം. ഇന്നലെ വൈകുന്നേരം 4.30ന് കോട്ടയം ബേക്കര് ജംഗ്ഷനിലാണ് സംഭവം. ഓണ്ലൈന് ടാക്സി വാഹനങ്ങള് കോട്ടയം ഭാഗത്തുനിന്നു ട്രിപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരമ്പരാഗത ടാക്സി ഡ്രൈവര്മാര് നടത്തുന്ന നീക്കങ്ങള്ക്കെതിരേ കോട്ടയത്ത് പോലീസിനും മോട്ടോര് വാഹനവകുപ്പിനും പരാതി നല്കുന്നതിനായി എത്തിയതായിരുന്നു എറണാകുളത്തുനിന്നുള്ള സംഘം.
ഇവര് പരാതി നല്കിയതിനു ശേഷം ബേക്കര് ജംഗ്ഷനിലെ ഹോട്ടലില് ഭക്ഷണം കഴിക്കാന് കയറിയപ്പോഴാണ് കോട്ടയത്തുനിന്നുള്ള ഒരു സംഘം ടാക്സി ഡ്രൈവര്മാര് ഹോട്ടലിനുള്ളില് കയറി സംഘര്ഷം ഉണ്ടാക്കുകയും ഒടുവില് മര്ദിക്കുകയും ചെയ്തത്.
പോലീസ് എത്തിയാണ് സംഘര്ഷം നിയന്ത്രിച്ചത്. സംഭവത്തില് ഇടപെട്ട മാധ്യമപ്രവര്ത്തകനു നേരേയും ടാക്സിക്കാര് ആക്രോശവുമായി രംഗത്തെത്തി. ഈ സമയത്ത് പോലീസ് ഇടപെടല് ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
മര്ദനത്തിനു നേതൃത്വം നല്കിയ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്ദനത്തില് പരിക്കേറ്റ ഓണ്ലൈന് ടാക്സി സംഘത്തിലെ ഷാനവാസ്, റിയാസ്, സജിന് എന്നീ മൂന്നുപേര് ജില്ലാ ആശുപത്രിയില് ചികിത്സ തേടി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടയില് കൂടുതല് ടാക്സിക്കാര് പോലീസ് സ്റ്റേഷനു മുമ്പില് തമ്പടിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാന് പോലീസ് സംരക്ഷണയിലാണ് ഓണ്ലൈന് ടാക്സിക്കാര് മടങ്ങിയത്.
ഓള് കേരള ടാക്സി പെര്മിറ്റുള്ള വാഹനങ്ങൾക്കു കേരളത്തില് ഏതു ഭാഗത്തുനിന്നും ടാക്സി സേവനങ്ങള് ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കെ എറണാകുളത്തുനിന്നു വരുന്ന ടാക്സി വാഹനങ്ങൾ കോട്ടയത്ത് എത്തുമ്പോള് പരമ്പരാഗത ടാക്സി ഡ്രൈവര്മാര് തടയുകയും വാഹനങ്ങള്ക്ക് കേടുപാടുകള് വരുത്തുകയും ഭീഷണിപ്പെടുത്തുകയും നിര്ബന്ധമായി യൂബര് ആപ്പ് ലോഗൗട്ട് ചെയ്യിപ്പിക്കുകയും തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കുകയുമായിരുന്നു.
ഇതിനെതിരേ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനും മോട്ടോര് വാഹനവകുപ്പിനും പരാതി നല്കാനാണ് ഓണ്ലൈന് ടാക്സി ഡ്രൈവേഴ്സിന്റെ 15 അംഗ സംഘം എത്തിയത്. കേരളത്തില് എവിടെനിന്നും ഓണ്ലൈന് ടാക്സിക്ക് ട്രിപ്പ് എടുക്കാനുള്ള അവകാശം നല്കുന്ന ഹൈക്കോടതി വിധിയുടെ പകര്പ്പുമായാണ് ഓണ്ലൈന് ടാക്സി സംഘം എത്തിയത്.