കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് അനശ്ചിതകാല പണിമുടക്ക് നടത്തുന്ന ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ സംയുക്ത സമരസമിതി ഭാരവാഹികളുമായി സംസ്ഥാന ലേബർ കമ്മീഷണറുടെ നേതൃത്വത്തിലുള്ള നാളെ ചർച്ച. രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിലാകും ചർച്ച നടക്കുക. ഇതിനിടെ, ഇന്നലെ സംയുക്ത സമരസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.
നാളെ നടക്കുന്ന ചർച്ചയിൽ മന്ത്രിയുടെ ക്രിയാത്മക ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായും തിരുവനന്തപുരത്ത് ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഓണ്‍ലൈൻ കന്പനികൾക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.
ഏകദേശം 5000 ഓണ്‍ലൈൻ ടാക്സികൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ ദിനവും ഓണ്‍ലൈൻ ടാക്സികളെ ആശ്രയിച്ചിരുന്നവർ വലയുന്ന സ്ഥിതിയാണുള്ളത്. ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു സമീപം നടത്തിവരുന്ന നിരാഹാര സമരവും തുടരുകയാണ്.