കൊച്ചി: മന്ത്രിതലത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ അനശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംയുക്ത സമരസമതി യോഗത്തിലുണ്ടായേക്കും. നാളെ മുതൽ അനശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നാണു ലഭിക്കുന്ന വിവരം.
ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസ് കഴിഞ്ഞ 27 മുതൽ ആരംഭിച്ച നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കുന്നതിനായി ഏതാനും ദിവസംമുന്പ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇതേത്തുടർന്നാണു മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ട് യോഗം വിളിച്ചത്. ഇന്നലെ നടന്ന യോഗത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ, ഉബർ, ഓല കന്പനി പ്രതിനിധികളും സംയുക്ത സമരസമിതി ഭാരവാഹികളും പങ്കെടുത്തു. ഓണ്‍ലൈൻ ടാക്സി കന്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, വേതന വർധനവ് നടപ്പിലാക്കുക, മുൻകൂട്ടി അറിയിപ്പ് നൽക്കാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് കന്പനികൾ അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണു സമരം.