കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ ആരംഭിച്ച അനശ്ചിതകാല പണിമുടക്കിൽ വലഞ്ഞ് യാത്രികർ. ഇന്നലെ വൈകിട്ടുമുതലാണ് അനശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
ദിനവും നൂറുകണക്കിനുപേർ വന്നുപോകുന്ന കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ദിവസേന നിരവധിപേർ ഓണ്‍ലൈൻ ടാക്സികളെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ, സർക്കാർ ജീവനക്കാർ, സമീപ ജില്ലകളിൽനിന്നു വരുന്നവർ, വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ഓണ്‍ലൈൻ ടാക്സികളെ ആശ്രയിച്ചിരുന്നു.
ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിനു സമീപം നിരാഹാര സമരം നടത്തിവന്ന കേരളാ ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസിനെ ഇന്നലെ വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പണിമുടക്ക് ആരംഭിച്ചത്.
ഏകദേശം അയ്യായിരത്തോളം ഡ്രൈവർമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടും അതിനുമുന്‍പ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലും യോഗം വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇതോടെയാണു സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചത്. പണിമുടക്ക് ആരംഭിച്ചതോടെ എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മീഷ്ണറുടെ നേതൃത്വത്തിൽ ഇന്ന് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കൊച്ചിയിലാണു യോഗം. കഴിഞ്ഞ 27 മുതലാണു കളക്ടറേറ്റിനു സമീപം ജാക്സണ് വർഗീസ് നിരാഹാരം സമരം ആരംഭിച്ചത്.
പ്രധാനമായും ഉബർ, ഓല കന്പനികൾക്കെതിരേയാണു സമരം. ഓണ്‍ലൈൻ ടാക്സി കന്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, വേതന വർധനവ് നടപ്പിലാക്കുക, മുൻകൂട്ടി അറിയിപ്പ് നൽക്കാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് കന്പനികൾ അവസാനിപ്പിക്കുക, ഓല കന്പനി സ്വന്തമായി നിരത്തിൽ ഇറക്കിയ വാഹനങ്ങൾ പിൻവലിക്കുക, കേന്ദ്ര-സംസ്ഥാന ഗതാഗത നിയമപ്രകാരം നിയമവിരുദ്ധമായ പൂൾ-ഷെയർ സംവിധാനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണു സമരം.