കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ ആരംഭിച്ച അനശ്ചിതകാല പണിമുടക്ക് തുടരുന്നു. ഇതിനിടെ, സംയുക്ത സമരസമിതി നേതാക്കൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ഇന്നു കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ തങ്ങൾക്കൊപ്പം പി.സി. ജോർജ് എംഎൽഎയും പങ്കെടുക്കുമെന്നുകരുതുന്നതായി സമരസമിതി നേതാക്കൾ പറഞ്ഞു.
പണിമുടക്ക് ദിവസങ്ങൾ പിന്നിട്ടതോടെ ദിനവും നൂറുകണക്കിനുപേർ വന്നുപോകുന്ന കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓണ്‍ലൈൻ ടാക്സികളെ ആശ്രയിച്ചുവന്നിരുന്നവർ വലയുന്ന സ്ഥിതിയാണുള്ളത്. ഏകദേശം 5000 ഓണ്‍ലൈൻ ടാക്സികളാണു പണിമുടക്കിൽ പങ്കെടുക്കുന്നത്.
സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടും അതിനുമുന്‍പ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലും ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണു അനശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാൻ സമരസമിതി തീരുമാനിച്ചത്.
പണിമുടക്ക് ആരംഭിച്ചതിനു പിന്നാലെ റീജിയണൽ ജോയിന്റ് ലേബർ ഓഫീസർ കെ. ശ്രീലാലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നു സംസ്ഥാന ലേബർ കമ്മീഷണറുടെ നേതൃത്വത്തിലുള്ള 14ന് രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിൽ ചർച്ച നടത്താൻ തീരുമാനമായിരുന്നു.
ഇതിനിടെയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതിനിടെ, ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു സമീപം നടത്തിവരുന്ന നിരാഹാര സമരവും തുടരുകയാണ്. ജനപക്ഷ മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റി അംഗം നവാസ് പൊന്നാനിയാണു നിരാഹാര സമരം നടത്തുന്നത്.നേരത്തേ നിരാഹാര സമരം നടത്തിയ കേരളാ ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഓണ്‍ലൈൻ ടാക്സി കന്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, വേതന വർധനവ് നടപ്പിലാക്കുക, മുൻകൂട്ടി അറിയിപ്പ് നൽകാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് ഓണ്‍ലൈൻ ടാക്സി കന്പനികൾ അവസാനിപ്പിക്കുക, അഗ്രിഗേറ്റർ പോളിസിക്ക് വിരുദ്ധമായി സ്വന്തമായി വാഹനം ഇറക്കിയ ഓണ്‍ലൈൻ ടാക്സി കന്പനിക്കെതിരെ നടപടിയെടുക്കുക, വാഗ്ദാനം ചെയ്ത വരുമാനം നൽകാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കന്പനികൾക്കെതിരെ നടപടിയെടുക്കുക, കേന്ദ്ര സംസ്ഥാന ഗതാഗത നിയമപ്രകാരം നിയമവിരുദ്ധ ഷെയർ, പൂൾ സംവിധാനത്തിലൂടെ ട്രിപ്പ് എടുക്കാൻ നിർബന്ധിക്കുന്ന കന്പനികൾക്കെതിരേ നടപടിയെടുക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം. നിലവിൽ 26 ശതമാനത്തിന് മുകളിലാണ് ഓണ്‍ലൈൻ ടാക്സി കന്പനികൾ കമ്മീഷൻ ഈടാക്കുന്നതെന്നു ഡ്രൈവർമാർ പറയുന്നു.