കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ നടത്തിവരുന്ന പണിമുടക്കിനെത്തുടർന്നു ഓണ്‍ലൈൻ ടാക്സി കന്പനികൾക്കുണ്ടാകുന്ന നഷ്ടം ഇരുപത്തിയാറുലക്ഷം രൂപയുടേതെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ. ജില്ലയിലെ അയ്യായിരത്തോളംവരുന്ന ഓണ്‍ലൈൻ ടാക്സികളാണു പണിമുടക്കിൽ പങ്കെടുക്കുന്നത്.
ദിവസേന ഒരോ ഡ്രൈവർമാർക്കും ശരാശരി 2000 രൂപയുടെ ഓട്ടം ലഭിച്ചിരുന്നു. ഈ വരുമാനത്തിന്റെ 26 ശതമാനം തുകയാണ് കന്പനികൾ കമ്മീഷനായി വാങ്ങിയിരുന്നത്. ഒരോ ഡ്രൈവർമാരിൽനിന്നും ഇത്തരത്തിൽ ശരാശരി 520 രൂപവീതം കമ്മീഷനായിമാത്രം കന്പനികൾക്കു ലഭിച്ചിരുന്നതായും ഭാരവാഹികൾ വ്യക്തമാക്കുന്നു.
കമ്മീഷൻ വരുമാനം നിലച്ചതോടെ ഏകദേശം 26 ലക്ഷം രൂപയുടെ നഷ്ടമാണ് പണിമുടക്കിനെത്തുടർന്നു കന്പനികൾക്ക് ഉണ്ടാകുന്നതെന്നും ഭാരവാഹികൾ പറയുന്നു. പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നതോടെ ദിനവും നൂറുകണക്കിനുപേർ വന്നുപോകുന്ന കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പണിമുടക്ക് സാരമായിതന്നെ ബാധിച്ചിട്ടുണ്ട്.
ഓണ്‍ലൈൻ ടാക്സികളെ കൂടുതലായും ആശ്രയിക്കുന്ന വിദേശ ടൂറിസ്റ്റുകൾ, സ്വകാര്യ, സർക്കാർ ജീവനക്കാർ, സമീപ ജില്ലകളിൽനിന്നു വരുന്നവർക്കൊന്നും ഓണ്‍ലൈൻ ടാക്സി സേവനം ലഭിക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി ഇന്നലെ റീജിയണൽ ജോയിന്റ് ലേബർ ഓഫീസർ കെ. ശ്രീലാലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നു സംസ്ഥാന ലേബർ കമ്മീഷണറുടെ നേതൃത്വത്തിലുള്ള 14ന് രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിൽ ചർച്ച നടക്കും.
ഓണ്‍ലൈൻ ടാക്സി കന്പനികൾ ഈടാക്കുന്ന അമിതമായ കമ്മീഷൻ ഒഴിവാക്കുക, വേതന വർധനവ് നടപ്പിലാക്കുക, മുൻകൂട്ടി അറിയിപ്പ് നൽകാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് ഓണ്‍ലൈൻ ടാക്സി കന്പനികൾ അവസാനിപ്പിക്കുക, അഗ്രിഗേറ്റർ പോളിസിക്ക് വിരുദ്ധമായി സ്വന്തമായി വാഹനം ഇറക്കിയ ഓണ്‍ലൈൻ ടാക്സി കന്പനിക്കെതിരെ നടപടിയെടുക്കുക, വാഗ്ദാനം ചെയ്ത വരുമാനം നൽകാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കന്പനികൾക്കെതിരെ നടപടിയെടുക്കുക, കേന്ദ്ര സംസ്ഥാന ഗതാഗത നിയമപ്രകാരം നിയമവിരുദ്ധ ഷെയർ, പൂൾ സംവിധാനത്തിലൂടെ ട്രിപ്പ് എടുക്കാൻ നിർബന്ധിക്കുന്ന കന്പനികൾക്കെതിരേ നടപടിയെടുക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം.