തിരുവനന്തപുരം: എടിഎം കാർഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തി പണംതട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ. സംസ്ഥാനത്തു വിവിധ ഭാഗങ്ങളിൽ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുന്നറിയിപ്പ്.
ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നുവെങ്കിലും ഇപ്പോഴും പലരും ഈ തട്ടിപ്പിനിരയാവുന്നതായി കാണുന്നു. ആധാർകാർഡ് ലിങ്ക് ചെയ്യാനും മറ്റു പല ബാങ്കിംഗ് സേവനങ്ങൾക്കുമെന്ന പേരിൽ എടിഎം കാർഡ് വിവരങ്ങൾ, ഒറ്റത്തവണ പാസ്വേഡ് (ഒടിപി.) എന്നിവ ചോർത്തിയെടുത്തു പണം തട്ടുന്നതാണ് രീതി.
ഓണ്‍ലൈനായി പണം കൈമാറുന്പോൾ അക്കൗണ്ട് ഉടമയാണോ പണം കൈമാറുന്നതെന്ന് ഉറപ്പാക്കാനായി ബാങ്കുകൾ/ധനകാര്യസ്ഥാപനങ്ങൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന രഹസ്യനന്പർ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് അയയ്ക്കാറുണ്ട്.
ബാങ്കിൽനിന്നാണെന്നും മറ്റും സൂചിപ്പിച്ച് അക്കൗണ്ട് വിവരങ്ങൾ ശരിയാക്കുന്നതിനാണെന്ന വ്യാജേന തട്ടിപ്പുകാർ ഉപഭോക്താവിനെ വിളിച്ച് ഈ നന്പർകൂടി മനസിലാക്കുന്നതോടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടും.