തൃശൂർ: സ്ക്രാച്ച് ആൻഡ് വിന്നിലൂടെ വൻതുക ലഭിച്ചതായി ഉപഭോക്താക്കളെ അറിയിച്ച് പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് മീഷോയുടെ പേരിൽ തട്ടിപ്പ്.
സമ്മാനമായി ലഭിച്ച തുകയ്ക്കുള്ള സമ്മാനനികുതി അടയ്ക്കാൻ പറയുന്നതാണു തട്ടിപ്പു തന്ത്രം. മീഷോ വ്യാപാര വെബ്സൈറ്റിൽനിന്ന് അടുത്തിടെ ഉത്പന്നങ്ങൾ വാങ്ങിയ തൃശൂരിലെ ഏതാനും ഉപഭോക്താക്കളാണ് പരാതിക്കാരെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു.
മീഷോയുടെ തൃശൂരിലെ ചില ഉപഭോക്താക്കളുടെ മേൽവിലാസത്തിൽ ഒരു കത്ത് ലഭിച്ചിരുന്നു. ഇതിൽ മീഷോയുടെ ഉപഭോക്താക്കളായതിനാൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു എന്ന അറിയിപ്പാണ് ഉണ്ടായിരുന്നത്.
ഇതോടൊപ്പം ഒരു സ്ക്രാച്ച് കാർഡും ഉണ്ടായിരിക്കും. ഇതിൽ കാഷ് പ്രൈസ് ആണ് ലഭിച്ചിരിക്കുന്നതെങ്കിൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാൻകാർഡ് നമ്പർ, ബാങ്ക് വിലാസം തുടങ്ങിയവ രേഖപ്പെടുത്തി, മീഷോ കമ്പനിക്ക് ഇമെയിലിലോ വാട്സ്ആപ്പിലോ അയച്ചു നൽകാനും ആവശ്യപ്പെടും.
തുടർന്നാണ് തട്ടിപ്പ്. കത്ത് ലഭിച്ച ഭൂരിഭാഗം പേർക്കും ലക്ഷങ്ങളുടെ കാഷ് പ്രൈസ് ലഭിച്ചതായാണു കാണുന്നത്. തുടർന്ന് ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെടും.
വലിയ തുക സമ്മാനം ലഭിച്ചിരിക്കുന്നതിനാൽ പണം ബാങ്ക് അക്കൗണ്ടിലേക്കു വിതരണം ചെയ്യാൻ ലോട്ടറി ആക്ട് അനുസരിച്ചുള്ള നികുതി അടപ്പിക്കും.
അതുകഴിഞ്ഞാൽ പ്രോസസിംഗ് ഫീസ് തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് പിന്നേയും പണം ഈടാക്കും.ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിൻ നമ്പറും ഓടിപിയും കരസ്ഥമാക്കി തുടർന്നും തട്ടിപ്പിനു സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പു നല്കുന്നു.
വിശ്വസിപ്പിക്കാൻ ബാങ്ക് ലോഗോയും ട്രേഡ് മാർക്കുകളും
ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ മുൻനിര ബാങ്കുകളുടെ വ്യാജ സീലും ഒപ്പും തട്ടിപ്പുകാർ ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മുൻനിര ഇകോമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ട്, ആമസോൺ പേ തുടങ്ങിയവയുടേയും ട്രേഡ്മാർക്ക് ചിഹ്നങ്ങൾ പതിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നതായി സൈബർ ക്രൈം വിഭാഗം
പ്രമുഖ ഇ-കോമേഴ്സ് വ്യാപാര വെബ്സൈറ്റുകളിൽ നൽകുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നതായി സൈബർ ക്രൈം വിഭാഗം സംശയം പ്രകടിപ്പിച്ചു. ഉപഭോക്താക്കൾ നൽകുന്ന ഡെലിവറി വിലാസത്തിലാണ് തട്ടിപ്പുകാർ കത്തുകൾ അയക്കുന്നത്.
കൊറിയർ സ്ഥാ പനങ്ങളിൽ നിന്നോ ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ നിന്നോ ഹാക്കർമാർ ഉപഭോക്താക്കളുടെ പേരും വിലാസവും അടിച്ചുമാറ്റാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
“ലോട്ടറിയടിച്ചു’ ഓഫർ വിശ്വസിക്കരുത്
ഫോൺ, ഇമെയിൽ, വീട്ടുവിലാസം എന്നിവയിൽ ലഭിക്കുന്ന അവിചാരിത ഓഫറുകളിൽ കണ്ണും പൂട്ടി വിശ്വസിക്കരുത്. ബാങ്ക് അക്കൗണ്ട്, ഒടിപി, എടിഎം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക.