തളിപ്പറമ്പ്: ഓൺലൈൻ ലോൺ ആപ് വഴി തളിപ്പറമ്പ് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയതായി പരാതി. തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി രാഹുൽ ദാമോദരന്റെ 2.5 ലക്ഷം രൂപയാണ് ഓൺലൈൻ വഴി തട്ടിയെടുത്തത്. സംഭവത്തിൽ യുവാവ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ജൂൺ ഒന്നിന് രാഹുലിന്റെ ഫോണിലേക്ക് ഓൺലൈൻ ആപ്പിൽനിന്നും ലോൺ ലഭിച്ചതായി വാട്സ് ആപ് സന്ദേശം വന്നിരുന്നു.
അതുപ്രകാരം ലഭിക്കുന്ന 7500 രൂപ ഏഴു ദിവസത്തിനകം 10,000 രൂപയായി തിരിച്ചടയ്ക്കണമെന്നതായിരുന്നു അതിൽ പറഞ്ഞിരുന്നത്.
അതിൽ ആവശ്യപ്പെട്ടതനുസരിച്ച് പാൻകാർഡിന്റെ കോപ്പി അയച്ചു കൊടുത്തതിന് പിന്നാലെ രാഹുലിന്റെ അക്കൗണ്ടിൽ 7500 രൂപ ക്രെഡിറ്റായതായി സന്ദേശം വന്നു.
ഏഴു ദിവസം കഴിഞ്ഞ് പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ലിങ്കും മെസേജായി വന്നു. അതുപ്രകാരം രാഹുൽ പണം തിരിച്ചടച്ചെങ്കിലും അത് ക്രെഡിറ്റായില്ലെന്ന് കാണിച്ച് വീണ്ടും സന്ദേശമെത്തി.
അതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ കൂടുതൽ ലോൺ ആപ്പുകളിൽ നിന്നും പണം തിരിച്ചടയ്ക്കണമെന്ന് കാട്ടി രാഹുലിന് സന്ദേശങ്ങൾ വന്നു തുടങ്ങി. എന്നാൽ പണം തിരിച്ചടച്ചപ്പോഴെല്ലാം ക്രെഡിറ്റായില്ലെന്ന സന്ദേശമാണ് വന്നത്.
തുടർന്ന് കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടിൽ നിന്നും 2.5 ലക്ഷത്തിലധികം നഷ്ടമായതായി യുവാവ് കണ്ടെത്തിയത്.
ഇനി പണം അടയ്ക്കില്ലെന്ന് തിരിച്ച് സന്ദേശമയച്ചതോടെ രാഹുലിന്റെ ഫോൺ ഹാക്ക് ചെയ്തു. വാട്സ് ആപ്പിന്റെ പ്രൊഫൈൽ ചിത്രം മോർഫ് ചെയ്ത് കോണ്ടാക്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു.
ഇത് സംബന്ധിച്ച് രാഹുൽ ദാമോദരൻ ഞായറാഴ്ചയാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.