പാലാ: ഓൺലൈൻ സൈറ്റിലൂടെ ടോർച്ച് വാങ്ങാൻ ബുക്ക് ചെയ്ത പാലാ സ്വദേശിയെ അധികൃതർ “വെള്ളം കുടിപ്പിച്ചു’. ടോർച്ചിനു പകരം ഒരു കുപ്പിവെള്ളമാണ് ലഭിച്ചത്.
പാലാ ഇടനാട് സ്വദേശി ജോബിഷ് തേന്നാടിക്കുളത്തിനെ തേടിയാണ് ടോർച്ചിനു പകരം കുപ്പിവെള്ളം എത്തിയത്. ഡെലിവറി ബോയ് വന്നു 330 രൂപയും വാങ്ങി തിരിച്ചുപോയ ശേഷം പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് കുപ്പിവെള്ളം കണ്ടത്.
സൂറത്തിലെ ഒരു കുപ്പിവെള്ള കന്പനിയുടേതാണ് സാധനം.ഇതുമായി പാലാ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവർ കേസെടുത്തില്ല.
അവരുടെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലത്തുനിന്ന് അല്ല അയച്ചതെന്നും സൂറത്തിൽ പോയി പരാതി കൊടുക്കാനും പോലീസ് ഉപദേശിച്ചു.
അല്ലെങ്കിൽ കോടതിയിൽ പരാതി നൽകി അവിടെനിന്നു നിർദേശം വന്നാൽ കേസെടുക്കാമെന്നും പോലീസ് പറഞ്ഞു.
300 രൂപയുടെ ടോർച്ചിനായി സൂറത്തിൽ പോകാൻ പറഞ്ഞ പോലീസിനേക്കാൾ ഭേദമാണ് ആമസോൺ അധികാരികളെന്നാണ് ജോബിഷ് പറയുന്നത്. അവർ സംഭവം അറിഞ്ഞയുടനെ സോറി എന്ന മെസേജ് എങ്കിലും അയച്ചു.