കോഴിക്കോട്: കൈയിലുള്ള പണം അഞ്ചിരട്ടിയാക്കാമെന്ന വാഗ്ദാനവുമായി മണി എക്സ്ചേഞ്ച് സൈബർ തട്ടിപ്പുസംഘങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഇന്ത്യൻ രൂപയുടെയും ഡോളർ അടക്കമുള്ള വിദേശ കറൻസികളുടെയും ചിത്രങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പിന് തുടക്കമിടുന്നത്.
ദിർഹം, ഡോളർ, ദിനാർ, റിയാൽ എന്നിവയെല്ലാം കൈവശമുണ്ടെന്നാണ് അവകാശവാദം. തങ്ങൾതന്നെ അച്ചടിക്കുന്ന പണമാണെന്നും അതിനാലാണ് അഞ്ചിരട്ടി തുക അയച്ചുതരുന്നതെന്നും വിശ്വസിപ്പിക്കും. യഥാർഥ കറൻസിക്ക് തുല്യമാണെന്നും പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ അയച്ചുതരാമെന്നും ഇവർ അവകാശപ്പെടുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
പോസ്റ്റുകളിൽ കയറിയാൽ പിന്നീട് വാട്സാപ്പിലേക്ക് സംസാരം മാറും. വിദേശ വാട്സാപ് നമ്പറിൽനിന്ന് മോഹനവാഗ്ദാനങ്ങൾ ഒഴുകിയെത്തും. 60,000 രൂപ തന്നാൽ അത് മൂന്നുലക്ഷമാക്കി മടക്കിനൽകാമെന്നാണ് വാഗ്ദാനങ്ങളിൽ ഒന്ന്. 6000 ഡോളറാണെങ്കിൽ 30,000 ആയി തിരിച്ചുതരാമെന്നും വാഗ്ദാനം. ക്രിപ്റ്റോകറൻസിയായി നൽകിയാലും പണം സ്വീകരിക്കും.
അരമണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇന്ത്യയിൽമാത്രമല്ല, മറ്റു രാജ്യങ്ങളിലും ഇത്തരം പണമിടപാടുകൾ നടത്താറുണ്ടെന്നാണ് പ്രധാന അവകാശവാദം. ഇവർ പറയുന്ന അക്കൗണ്ടിൽ പണം ഇട്ടാൽ ഉടൻ വാട്സാപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്യുമെന്നും പോലീസ് പറയുന്നു.
- സ്വന്തം ലേഖകന്