ആലുവ: പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ദുബായിൽ പരിചയപ്പെട്ട യുവതിയാണ് ഷെയർ ട്രേഡിംഗിൽ വിദഗ്ധയാണെന്നും വൻ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ച് നാലരക്കോടി രൂപ തട്ടിയെടുത്തത്.
വാട്സാപ്പ്, ജിമെയിൽ തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു പിന്നീട് ആശയ വിനിമയം നടത്തിയത്. തട്ടിപ്പ് സംഘം ആവശ്യപ്പെട്ട ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വൻ ലാഭം തിരിച്ചുനൽകിയത് വിശ്വാസം ജനിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിൽ നാലരക്കോടിയോളം രൂപ നിക്ഷേപിച്ചു. വൻ ലാഭം മൊബൈൽ ആപ്പിലെ പേജിൽ പ്രദർശിപ്പിച്ചു. ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.
തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് നൽകിയ പരാതിയിൽ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം അന്വേഷണമാരംഭിച്ചു. പണം നിക്ഷേപിച്ച അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചു വരികയാണ്.സമീപകാലത്തായി ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്.
തട്ടിപ്പ് സംഘത്തിന്റെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അമിതലാഭം ഉണ്ടാക്കാമെന്നുള്ള പ്രതീക്ഷയിൽ ഒന്നും ആലോചിക്കാതെയാണ് പണം നിക്ഷേപിക്കുന്നത്.വിശ്വാസം പിടിച്ചുപറ്റാൻ ആദ്യം നിക്ഷേപിക്കുന്ന ചെറിയ തുകകൾക്ക് ലാഭം എന്ന പേരിൽ ഒരു തുക തിരികെ തരുന്നതാണ് ആദ്യ കെണി.
തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് മറ്റു പലരുടേയുമായതിനാൽ യാഥാർത്ഥ പ്രതികളെ പിടിക്കാനാകാത്തത് സൈബർ പോലീസിനെ കുഴക്കുന്നുണ്ട്. തട്ടിപ്പിനായി കമ്മീഷൻ നൽകി ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് തട്ടിപ്പു സംഘം ചെയ്യുന്നത്. ഇങ്ങനെ അക്കൗണ്ട് എടുത്ത് നൽകി കമ്മീഷൻ കൈപ്പറ്റുന്ന നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ കേസ് പിന്നീട് മുന്നോട്ടേക്ക് കൊണ്ടുപോകാനാകുന്നില്ല. സൈബർ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് എസ്പി വൈഭവ് സക്സേന പറഞ്ഞു. ഷെയർ മാർക്കറ്റിംഗിന് അംഗീകൃത ഏജൻസികളെ സമീപിക്കണമെന്നും സൈബർ പോലീസ് പറഞ്ഞു.