ചോദിച്ചാൽ ചങ്കു പറിച്ചുകൊടുക്കുന്നതിനപ്പുറം എല്ലാ പാസ്വേഡുകളടക്കം കൊടുക്കുന്നവരാണ് മലയാളികൾ എന്നാണ് ഉത്തരേന്ത്യൻ തട്ടിപ്പുകാർ പറയുന്നത്. അതീവരഹസ്യമായി സൂക്ഷിക്കേണ്ട പാസ് വേഡുകൾ വരെ അപരിചിതർ ചോദിച്ചാൽ പോലും ഒരു ബുദ്ധിമുട്ടും കൂടാതെ എടുത്തുകൊടുക്കുന്ന ശീലം മലയാളിക്ക് മാറുന്നില്ല. എത്രയോ തവണ ഇതുസംബന്ധിച്ച് പോലീസും മാധ്യമങ്ങളും ബോധവത്കരണം നടത്തിയിട്ടും മലയാളികൾ പഠിക്കുന്നില്ലെന്ന് ഓരോ തട്ടിപ്പുകൾ പുറത്തുവരുന്പോഴും ബോധ്യമാകുന്നു.
ഒന്ന് ഓർഡർ ചെയ്താൽ എല്ലാം വീട്ടിൽ കിട്ടുമെന്ന സൗകര്യം മലയാളികളെ കൂടുതൽ മടിയൻമാരാക്കുന്നു. എല്ലാം സുഖ സൗകര്യങ്ങളും പുറത്തേക്കിറങ്ങാതെ കിട്ടുമ്പോൾ മലയാളികൾ ഇത്തരത്തിലുള്ള അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാകുകയാണ്. പുറത്തുവരുന്ന തട്ടിപ്പുകളുടെ വിവരങ്ങൾ കുറവാണെങ്കിലും ഇതിലും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് അധികാരികൾ പറയുന്നത്.
സ്വന്തം ലേഖകൻ
തൃശൂർ: ഹോട്ടലുകളിൽ നിന്നും മറ്റും ഓണ്ലൈൻ വഴി പണം തട്ടുന്ന സംഘത്തലവൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽപേരുണ്ടെന്ന് പോലീസ്. ഇവർക്കായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും സംഘാംഗങ്ങൾ ക്യാന്പു ചെയ്യുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് ഇവരെ പിടികൂടുകയെന്നത് ഒട്ടും എളുപ്പമല്ലാത്ത കാര്യമാണെന്ന് കേരളപോലീസ് സമ്മതിക്കുന്നു.
ഏറെ സാഹസികമായാണ് സംഘത്തലവനെ പിടികൂടാനായത്. ഡൽഹി കേന്ദ്രീകരിച്ച് പ്രത്യേകിച്ച് ഡൽഹിയുടെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഓണ്ലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ ഒറ്റയടിക്ക് നേടാമെന്നതുകൊണ്ടുതന്നെ അവിടെയുള്ളവരിൽ മിക്കവരും ഓണ്ലൈൻ തട്ടിപ്പുകളിൽ മികവു പുലർത്തുന്നവരാണ്.
ഇവരിൽ ഭൂരിഭാഗത്തിനും സാമാന്യ വിദ്യാഭ്യാസം പോലുമില്ലെന്നതാണ് പോലീസിനെ അന്പരപ്പിക്കുന്നത്. ഐടി വിദഗ്ധരെ പോലും വെല്ലുന്നതരത്തിൽ കംപ്യൂട്ടർ ഓപ്പറേഷനുകൾ വഴി ഓണ്ലൈൻ തട്ടിപ്പ് നടത്തുന്നതിൽ കേമൻമാരാണ് ഇവർ. തട്ടിപ്പ് നടത്താൻ ഇറങ്ങിപ്പുറപ്പെട്ടാൽ അത് നടത്തി മാത്രമേ ഇത്തരക്കാർ തിരിച്ചെത്താറുള്ളുവത്രെ. അതിന് ഏതു മാർഗം വേണമെങ്കിലും ഇവർ സ്വീകരിക്കും.
കേരളം തന്നെയാണ് ഇവർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം. കേരളം ഓണ്ലൈൻ വ്യാപാരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന കാലമായതിനാൽ ഇവിടെ തട്ടിപ്പ് പെട്ടന്ന് സാധ്യമാണെന്നതുകൊണ്ടുതന്നെ ഇവിടെ ഇവരുടെ സംഘാംഗങ്ങൾ പലയിടത്തായി തന്പടിച്ചിട്ടുണ്ടെന്നാണ് സൂചന. പല തട്ടിപ്പുകളും പുറത്തുവരാനുണ്ടെന്നും പോലീസ് സംശയിക്കുന്നു.
തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിന് സമാനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലുള്ള ഇത്തരം തട്ടിപ്പു ഗ്രാമങ്ങൾ. നാടൻ തോക്കും നാടൻ ബോബും പ്രാദേശികമായി ഉപയോഗിക്കുന്ന ആയുധങ്ങളുമെല്ലാം കയ്യിൽ വെച്ച് തട്ടിപ്പുകൾ കണ്ട്രോൾ ചെയ്യുന്നവരാണ് ഉത്തരേന്ത്യൻ ഗ്രാമത്തിലുള്ളത്.
പുറത്തുനിന്ന് ആരെത്തിയാലും അവരെ സംശയത്തോടെ മാത്രമേ ഇവിടുള്ളവർ നോക്കാറുള്ളു. അതുകൊണ്ടുതന്നെ ഇവരുടെ താവളത്തിലേക്ക് ഒരു ഈച്ച പോലും കടക്കില്ല. പരിശോധനകൾക്കും ചോദ്യം ചെയ്യലുകൾക്കും ശേഷമേ അപരിചിതർക്ക് ഇവിടങ്ങളിലേക്ക് കടന്നെത്താനാകൂ. ഇവിടത്തെ പോലീസ് പോലും ഈ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് പോകാറില്ലത്രെ. അവിടേക്കാണ് അതിസാഹസികമായി കേരള പോലീസ് കടന്നെത്തി വളരെ തന്ത്രപൂർവം സംഘത്തലവനെ കുടുക്കിയത്.