തൃപ്പൂണിത്തുറ: ഓൺലൈൻ വഴി കൊറിയർ ചാർജ് അടച്ച ജീവനക്കാർക്ക് 31,689 രൂപ നഷ്ടപ്പെട്ടതായി പരാതി. പേട്ടയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരായ ഏരൂർ സ്വദേശിയായ ഇന്ദു വിനു, മരട് സ്വദേശിയായ നവാസ് എന്നിവർക്കാണ് പണം നഷ്ടപെട്ടത്. ഇന്ദുവിന്റെ അക്കൗണ്ടിൽ നിന്നും നാല് തവണയായി 30699 രൂപയും നവാസിന്റെ അക്കൗണ്ടിൽ നിന്ന് 990 രൂപയുമാണ് പിൻവലിച്ചിരിക്കുന്നത്. സംഭവത്തിൽ മരട് പോലീസ് സ്റ്റേഷനിലും സൈബർ ഓഫീസിലും പരാതി നൽകിയതായും കൂടാതെ കൊറിയർ കന്പനിയുടെ പത്തടിപ്പാലത്തെ പ്രധാന ഓഫീസിലും പരാതി നൽകുമെന്നും ഇന്ദു പറഞ്ഞു.
കമ്പനി ആവശ്യത്തിനായി ബംഗളൂരുവിലെ പേട്ടയിലെ ഡിടിഡിസി വഴിയാണ് കൊറിയർ അയച്ചത്. ഇതിനായി കൊറിയർ കമ്പനി 10 രൂപ ഈടാക്കിയിരുന്നു. എന്നാൽ നിശ്ചിത സമയത്ത് കൊറിയർ ലഭിക്കാത്തതിനെ തുടർന്ന് പേട്ടയിലെ കൊറിയർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ട്രാക്ക് നമ്പർ നൽകുകയും ചെയ്തു. ഇന്റർനെറ്റിൽ ഡിടിഡിസിയുടെ സൈറ്റിൽ ഈ ട്രാക്ക് നമ്പർ വച്ച് പരിശോധിച്ചപ്പോൾ കൊറിയർ ഡിടിഡിസിയുടെ ബംഗളൂരു ഓഫീസിൽ തന്നെയാണ് ഉള്ളതെന്നും മനസിലായി.
നെറ്റിൽ നിന്നും ലഭിച്ച നന്പറിൽ ബാംഗ്ലൂർ കൊറിയർ ഓഫീസിലേക്ക് വിളിച്ചപ്പോൾ കൊറിയർ ഡെലിവറി ചെയ്യണമെങ്കിൽ 10 രൂപ അധികമായി നൽകണം എന്ന് അറിയിച്ചു. ഇതേ തുടർന്ന് ഇന്ദു ഗൂഗിൾ പേ മുഖാന്തിരം പണം അയക്കാം എന്ന് പറഞ്ഞപ്പോൾ ഇന്ദുവിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് ഒരു ലിങ്ക് അയക്കാമെന്നും ഫോൺകോൾ കട്ട് ചെയ്യാതെ അത് ഗൂഗിൾ പേയുമായി ബന്ധിപ്പിച്ച് 10 രൂപ അയക്കാൻ നിർദേശിക്കുകയും ചെയ്തു. ഇത് പ്രകാരം പണം അയക്കുകയായിരുന്നു.
എന്നാൽ ഇതിന് ശേഷവും കൊറിയർ ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും മുൻപ് വിളിച്ച ബാംഗളൂരു ഓഫീസിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 22 രൂപ കൂടി അധികമായി അടയ്ക്കേണ്ടതുണ്ടെന്ന് വീണ്ടും അറിയിപ്പ് ലഭിക്കുകയും ഇതുപ്രകാരം സഹപ്രവർത്തകനായ നവാസിന്റെ മരട് സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ വഴി 22 രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ നവാസിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 990 രൂപ പിൻവലിച്ചതായി മെസേജ് വന്നു.
സംശയം തോന്നിയ ഇന്ദു താൻ പണം നൽകിയ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ നാല് തവണയായി 30699 രൂപ നഷ്ടപ്പെട്ടതായി അറിയാൻ വ്യക്തമായി. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇവർ ബംഗളൂരുവിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പണം നാളെ അക്കൗണ്ടിലേക്ക് തിരിച്ചു വരുമെന്ന അറിയിപ്പാണ് ഉണ്ടായത്. എന്നാൽ നഷ്ട്ടപ്പെട്ട പണം ഇന്ന് തന്നെ ലഭിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അവർ ഫോൺ കട്ട് ചെയ്തു. ഹിന്ദി ഭാഷയിൽ ആണ് ഫോണെടുത്തവർ സംസാരിച്ചതെന്ന് ഇന്ദു പറഞ്ഞു.