ചങ്ങനാശേരി: ഇടവേളയ്ക്കുശേഷം ഓണ്‍ലൈൻ ഒടിപി തട്ടിപ്പുസംഘം രംഗത്ത്. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 11,000 രൂപ നഷ്ടപ്പെട്ടു. തുരുത്തി ചെന്പകശേരി മാലിനിയാണ് തട്ടിപ്പിനിരയായത്. ചങ്ങനാശേരി സെൻട്രൽ ബാങ്കിലാണ് മാലിനിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ 11നു സെൻട്രൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് മാലിനിയുടെ ഫോണിലേക്ക് കോൾ വന്നു. അക്കൗണ്ട് കാൻസലായി പോകുമെന്നും റീഓപ്പണ്‍ ചെയ്യുന്നതിന് എടിഎം പിൻ നന്പർ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇരുചക്ര വാഹന ലോണ്‍ ഉണ്ടായിരുന്ന വീട്ടമ്മ അക്കൗണ്ട് കാൻസലായാൽ ഇഎംഐ തിരിച്ചടവ് മുടങ്ങുമെന്നും ഫൈൻ അടയ്ക്കേണ്ടി വരുമെന്നും ഭയന്ന് പിൻ നന്പർ പറഞ്ഞു കൊടുത്തു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 11,000 രൂപ പിൻവലിക്കപ്പെട്ടതായി ഫോണിൽ മെസേജ് വരികയായിരുന്നു. കുടുംബശ്രീയിൽ നിന്നുള്ള ബാങ്ക് ലോണ്‍ 5000 രൂപ, കിസാൻ പദ്ധതി പ്രകാരം ലഭിച്ച 2000 രൂപ, തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ലഭിച്ച 1000 രൂപയും ടൂവീലർ ലോണ്‍ അടയ്ക്കുന്നതിനായി തയ്യൽ കൂലിയിൽ നിന്നു സ്വരൂപിച്ച് ബാങ്കിൽ അടച്ച പണവുമടക്കമാണ് നഷ്ടമായത്.
ഉടൻ തന്നെ സെൻട്രൽ ബാങ്കിലെ ചങ്ങനാശേരി ബ്രാഞ്ചിൽ എത്തി മാനേജരോട് പരാതിപ്പെട്ടു. ഈ സമയത്ത് വീണ്ടും സെൻട്രൽ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നാണെന്നു പറഞ്ഞ് വീട്ടമ്മയുടെ ഫോണിലേക്ക് കോൾ വന്നു.
ചങ്ങനാശേരി ബ്രാഞ്ച് മാനേജർ അയാളോട് ഫോണിൽ സംസാരിച്ചപ്പോൾ സെൻട്രൽ ബാങ്കിൽ നിന്നു തന്നെയാണെന്ന് അയാൾ പറഞ്ഞു. പരാതിപ്പെടുമെന്ന് മാനേജർ പറഞ്ഞപ്പോൾ ഫോണ്‍ കട്ടാക്കുകയും ചെയ്തു. വീട്ടമ്മ ചങ്ങനാശേരി പോലീസിലും കോട്ടയം സൈബർ സെല്ലിലും പരാതി നൽകി.
ഒന്നര വർഷം മുന്‍പ് ചങ്ങനാശേരി, കോട്ടയം, തൊടുപുഴ ഭാഗങ്ങളിലെ നിരവധിപ്പേർക്ക് ഇപ്രകാരം ബാങ്ക് അക്കൗണ്ടിൽ നിന്നു ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. കോവിഡ് കാലത്ത് ആളുകൾ ദുരിതപ്പെട്ടു കഴിയുന്പോഴാണ് അന്തർ സംസ്ഥാന തട്ടിപ്പുസംഘം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.