കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ആളുകള്‍ പണമിടപാടുകള്‍ ഓണ്‍ലൈന്‍ ആപ്പ് മുഖേന ആക്കിയതോടെ തട്ടിപ്പുകളും പെരുകുന്നു. അതേസമയം തട്ടിപ്പില്‍ മലയാളികള്‍ക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിടുന്നതിനൊപ്പം ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ആദ്യം ഫോൺ കോൾ
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാണെന്ന് അറിയിച്ച് ചില ഫോണ്‍കോളുകൾ എത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി.
മുമ്പ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നെങ്കില്‍ സമീപകാലത്തിലായി ഇത് മലയാളത്തിലാണ് തട്ടിപ്പിനിരയായിട്ടുള്ളവര്ക്ക് ലഭിച്ചിട്ടുള്ളത്.
ആദ്യം ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടിയോ എന്ന് ഉറപ്പുവരുത്തുന്ന തട്ടിപ്പ് സംഘം ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ മെഗാ ബമ്പര്‍ സമ്മാനം ലഭിച്ചു എന്ന വ്യാജ സന്ദേശം നല്‍കും.
മെഗാ ബന്പര്‍ സമ്മാനം എന്ന് കേള്‍ക്കുന്നതോടെ ഭൂരിഭാഗം പേരും ഈ ഓഫറില്‍ വീഴും. പേര്, വിലാസം, ഓര്‍ഡര്‍ ചെയ്ത വസ്തു, ഓര്‍ഡര്‍ നമ്പര്‍ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാല്‍ത്തന്നെ ഷോപ്പിംഗ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും.
സമ്മാനം എത്തിച്ച് നല്‍കുന്നതിനായി പ്രത്യേകം ഫീസ് നല്‍കണമെന്ന് പറയും. ശേഷം ഫീസ്, ടാക്സ്, ഇന്‍ഷുറന്‍സ് എന്നെല്ലാം പറഞ്ഞ് പണം തട്ടുന്നതാണ് രീതി.
വിവരങ്ങൾ ഹാക്ക്ചെയ്യപ്പെടുന്നോ?
ഓര്‍ഡര്‍ ചെയ്യുന്ന ആളുടെ പേരും വിലാസവും ഫോണ്‍ നമ്പറും ഓര്‍ഡര്‍ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളില്‍ എത്തുന്നത് കൊറിയര്‍ സര്‍വീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്യുന്നതിലൂടെയാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.
അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെട്ടെത്തുന്ന മുന്‍പരിചയമില്ലാത്ത ഫോണ്‍കോളുകള്‍ക്ക് വിവരങ്ങള്‍ പങ്കുവെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനം ഉള്‍പ്പെടെയുള്ള സംവിധാനത്തിലേക്ക് മാറിയത്. നോട്ടുകള്‍ കൈമാറി വരുന്നത് സമ്പര്‍ക്കത്തിന് ഇടയാക്കുമെന്നതിനാലാണ് ആളുകള്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്.