അങ്കമാലി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത അങ്കമാലിയിലെ ഹോട്ടൽ ജീവനക്കാരന് ഒടുവിൽ ലഭിച്ചത് 10 രൂപ വില വരുന്ന രണ്ട് സോപ്പ് കട്ട.
അങ്കമാലിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ശിഹാബാണ് ഓൺലൈൻ വ്യാപാര തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം 28-നാണ് ശിഹാബ് 13,000 രൂപ വില വരുന്ന ഫോൺ ഓർഡർ ചെയ്തത്.
ക്യാഷ് ഓൺ ഡെലിവറി ആയാണ് ബുക്ക് ചെയ്തത്. ഡെലിവറി ബോയിക്ക് പണവും നൽകി ഹോട്ടലിൽവച്ച് പൊതി തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പിനിരയായതായി അറിയുന്നത്.
ഫോണിന്റെ ഒറിജിനൽ പായ്ക്കറ്റിനകത്ത് പാത്രങ്ങൾ കഴുകാനുപയോഗിക്കുന്ന രണ്ട് സോപ്പ് കട്ടകളാണ് ഉണ്ടായിരുന്നത്. ക്യാഷ് ബില്ലും പായ്ക്കറ്റിൽ ഉണ്ടായിരുന്നു.
തട്ടിപ്പ് മനസിലായ ഉടനെ ഷോപ്പിംഗ് സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ശിഹാബ് പറയുന്നു. തട്ടിപ്പ് സംബന്ധിച്ച് ശിഹാബ് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിഹാബ്.