കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. പശ്ചിമബംഗാള്‍ ഹാല്‍ദിയ സ്വദേശികളായ അമിതാഭ മാലിക്ക് (30), ഇയാളുടെ സഹോദരനും കംപ്യൂട്ടര്‍ വിദ്യാര്‍ഥിയുമായ അരുണാഭ മാലിക്ക് (19) എന്നിവരെയാണ് വിമുക്തഭടനായ പൂച്ചാക്കല്‍ സ്വദേശി പ്രവീണിന്റെ പരാതിയില്‍ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്. പരാതിക്കാരനില്‍ നിന്നും 2,57,000 രൂപയാണ് പ്രതികള്‍ തട്ടിയത്.
പൂച്ചാക്കല്‍ പോലീസിന് നല്കിയ പരാതി സൈബര്‍ കുറ്റകൃത്യമായതിനാല്‍ സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇവരില്‍ മൂത്ത സഹോദരനായ അമിതാഭ മാലിക് ആണ് വ്യാജ വെബ്സൈറ്റ് നിര്‍മിക്കുകയും അതിലൂടെ ലക്ഷങ്ങള്‍ തട്ടുകയും ചെയ്തത്. അതിനാല്‍ അമിതാഭ് മാലിക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊച്ചി റേഞ്ച് സൈബര്‍ പോലീസ് സ്റ്റേഷന് എസ്ഐ റഷീദ് അറിയിച്ചു.
തട്ടിയെടുത്ത പണമുപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകള്‍ വാങ്ങുന്നതിനാണ് സഹോദരന് അരുണാഭ മാലിക് കൂട്ടുനിന്നിട്ടുള്ളത്. ഇയാളെ പിന്നീടാവും കസ്റ്റഡിയില്‍ വാങ്ങുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്ബിഐയുടെ അരൂര്‍, മട്ടാഞ്ചേരി ബ്രാഞ്ചുകളിലായി രണ്ടു അക്കൗണ്ടുകളാണ് വിമുക്തഭടനായ പ്രവീണിന് ഉണ്ടായിരുന്നത്. ഈ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മൊബൈലില്‍ ഒടിപി സന്ദേശം ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് ബാങ്കിനെ സമീപിച്ചെങ്കിലും അവര്‍ പോലീസിനെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.സൈബര്‍ സിഐ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ സ്നാപ്പ്ഡീലിലേയ്ക്കാണ് വിനിമയം ചെയ്തതെന്ന് വ്യക്തമായി.
പരാതിക്കാരനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്നും പണം തട്ടിപ്പിനായി വ്യാജമായി സൃഷ്ടിച്ച വെബ്സൈറ്റില്‍ ഇയാള്‍ സന്ദര്‍ശിച്ചതായും എയര്‍ടെലിന്റെ വ്യാജ വെബ്സൈറ്റില്‍ ഓഫര്‍ ചെയ്യുന്നതിനായി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തി.
ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ഓഫര്‍ ചെയ്യുന്നതിനിടയില്‍ പ്രവീണിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ഒടിപി പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തുമാണ് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ പണം പിന്‍വലിച്ചത്.
ഓണ്‍ലൈന്‍ മണി ഇടപാടിലൂടെ ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളുടെ ഗിഫ്റ്റ് വൗച്ചറുകള്‍ പ്രതികള്‍ വാങ്ങിക്കൂട്ടിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പശ്ചിമബംഗാളിലെ ഹാല്‍ദിയയില്‍ ഉണ്ടെന്നു കണ്ടെത്തുകയും കൊച്ചി റേഞ്ച് സൈബര്‍ പോലീസ് സ്റ്റേഷന് എസ്ഐ റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം ഹാല്‍ദിയയില്‍ എത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.