മുംബൈ: ബോളിവുഡ് നടി അഞ്ജലി പാട്ടീലിനെ കബളിപ്പിച്ച് 5.79 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പ് സംഘമാണു പണം തട്ടിയതെന്നാണു സൂചന. നടിയുടെ പരാതി പ്രകാരം ഡി.എന്‍ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ഫെഡ്എക്സ് കൊറിയര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനായ ദീപക് ശര്‍മ എന്നയാളാണെന്ന് അവകാശപ്പെട്ട് അഞ്ജലിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
അഞ്ജലിയുടെ പേരില്‍ തായ്വാനിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഒരു പാഴ്സലില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് കണ്ടെത്തിയതായും ഇതില്‍ അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നുവെന്നും വിളിച്ചയാള്‍ അറിയിച്ചു.
തന്റെ വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയാന്‍ എത്രയും വേഗം മുംബൈ പോലീസിന്റെ സൈബര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു.
തൊട്ടുപിന്നാലെ മുംബൈ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനായ ബാനര്‍ജിയാണെന്നു പറഞ്ഞ് മറ്റൊരാള്‍ അഞ്ജലിയെ സ്കൈപ്പില്‍ വിളിച്ചു. കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പിന്നീട് രണ്ടു തവണയായി 5.79 ലക്ഷം രൂപ വാങ്ങിയെന്നാണു പരാതി.